X

ബിഹാര്‍ കൂട്ട ശിശുമരണം; കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നോട്ടീസ്

പട്‌ന: ബിഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് 150 ലേറെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ സുപ്രീംകോടതി ഇടപെടല്‍. സ്വീകരിച്ച പ്രതിരോധ നടപടികള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും ബിഹാര്‍ സര്‍ക്കാരിനോടും സുപ്രീംകോടതി നിര്‍ദേശിച്ചു. ഏഴ് ദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ജസ്റ്റിസ് സഞ്ജീവ് കൃഷ്ണ, ബി.ആര്‍ ഗവായ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന്റെ നിര്‍ദേശം. അടിയന്തര മെഡിക്കല്‍ സഹായം ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഉത്തരവിടണം എന്നാവശ്യപ്പെട്ട് അഭിഭാഷകരായ മനോഹര്‍ പ്രതാപ, സന്‍ പ്രീത് സിങ് അജ്മാനി എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. സംഭവം ഏറെ ഗൗരവതരമാണെന്നും മരണം നിയന്ത്രിക്കാന്‍ കഴിയാത്തത് ഞെട്ടലുണ്ടാക്കുന്നതായും കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരും മറുപടി നല്‍കണം. അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് മുസഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയും ഉത്തരവിട്ടു. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്റെയും സംസ്ഥാന ആരോഗ്യ മന്ത്രി മംഗല്‍ പാണ്ഡെയുടെയും അനാസ്ഥയാണ് മരണസംഖ്യ വര്‍ധിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവര്‍ത്തക തമന്ന ഹാഷ്മി സമര്‍പ്പിച്ച ഹര്‍ജിയിലാണ് മുസഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സൂര്യകാന്ത് തിവാരിയുടെ ഉത്തരവ്. അതേസമയം മരണ സംഖ്യ 152 കടന്നതായാണ് ഔദ്യോഗിക കണക്ക്. നിരവധി കുഞ്ഞുങ്ങള്‍ ഇപ്പോഴും ചികില്‍സയിലാണ്. മുസഫര്‍പൂരിലെ ശ്രീകൃഷ്ണ, കെജ്‌രിവാള്‍ ആസ്പത്രികളിലാണ് കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത്. അതിനിടെ ശ്രീകൃഷ്ണ ആസ്പത്രിയില്‍ സീലിങ് അടര്‍ന്നുവീണ സംഭവത്തിലും അസ്ഥികൂടങ്ങള്‍ കണ്ടെത്തിയ സംഭവത്തിലും ജില്ലാ മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

chandrika: