ന്യൂഡല്‍ഹി: പാകിസ്താനെ ‘ഭീകര രാഷ്ട്ര’മായി പ്രഖ്യാപിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ സ്വതന്ത്ര അംഗം രാജീവ് ചന്ദ്രശേഖര്‍ അവതരിപ്പിച്ച ബില്ലിനെതിരെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിലപാടെടുത്തിരിക്കുന്നത്. ഭീകരവാദ സ്‌പോണ്‍സര്‍ ചെയ്യുന്ന പാകിസ്താന്‍ അടക്കമുള്ള രാജ്യങ്ങളെ ഭീകര രാഷ്ട്രങ്ങളായി പ്രഖ്യാപിക്കണമെന്ന രാജീവ് ചന്ദ്രശേഖറിന്റെ ബില്ലിനെതിരെ ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റ് സെക്രട്ടേറിയറ്റിന് കത്തെഴുതി. അന്തര്‍ദേശീയ നയങ്ങളെ ബാധിക്കുമെന്നതിനാലാണ് സര്‍ക്കാറിന്റെ ഈ നിലപാട്.
‘അയല്‍ രാഷ്ട്രവുമായി നമുക്ക് ഹൈക്കമ്മീഷനുകളും വ്യാപാര ബന്ധങ്ങളുമടക്കമുള്ള നയതന്ത്ര ബന്ധങ്ങളുണ്ട്. ഇന്ത്യ അന്താരാഷ്ട്ര മൂല്യങ്ങള്‍ പാലിക്കുന്നതില്‍ ബദ്ധശ്രദ്ധയുള്ള രാജ്യമാകയാല്‍ ഏതെങ്കിലും രാജ്യത്തെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കുക എന്നത് യുക്തമല്ല.’ ആഭ്യന്തര മന്ത്രാലയത്തിന്റെ കത്തില്‍ പറയുന്നു.
ഇന്ത്യക്കെതിരായ ഭീകര ചിന്താഗതികളെ പാകിസ്താന്‍ സഹായിക്കുന്നതായി കുറ്റപ്പെടുത്താറുണ്ടെങ്കിലും നയതന്ത്ര ബന്ധങ്ങള്‍ പൂര്‍ണമായി വിച്ഛേദിക്കാറില്ല. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വഷളായ കാര്‍ഗില്‍ യുദ്ധ സമയത്തു പോലും നയതന്ത്ര ബന്ധം നിലനിന്നിരുന്നു. കഴിഞ്ഞ വര്‍ഷം, പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരോട് തങ്ങളുടെ മക്കളെ പാകിസ്താനിലെ സ്‌കൂളിലയക്കരുതെന്നും അവരെ നാട്ടിലെത്തിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
രാജ്യസഭയില്‍ കര്‍ണാടകയെ പ്രതിനിധീകരിക്കുന്ന രാജീവ് ചന്ദ്രശേഖര്‍ ബി.ജെ.പിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. കേരളത്തിലെ എന്‍.ഡി.എയുടെ വൈസ് ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. പതിറ്റാണ്ടുകളായി പാകിസ്താന്‍ ഇന്ത്യക്കെതിരായ ഭീകരതയുടെ താവളമാണെന്നും പാകിസ്താനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കണം എന്നുമാണ് രാജീവ് ചന്ദ്രശേഖറിന്റെ ആവശ്യം.
പാര്‍ലമെന്റ് ഹൗസ് കമ്മിറ്റി പരിശോധിച്ച ശേഷം വോട്ടിങില്‍ ഭൂരിപക്ഷം നേടിയാലാണ് സ്വകാര്യ ബില്‍ നിയമമാവുക. കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തതോടെ രാജീവ് ചന്ദ്രശേഖറിന്റെ ബില്‍ നിയമമാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്.