ന്യൂഡല്‍ഹി: കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലും ലഡാകിലും പുതിയ നിയമങ്ങള്‍ വിജ്ഞാപനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രലായം. 26 നിയമങ്ങളാണ് സര്‍ക്കാര്‍ ഭേദഗതി ചെയ്യുകയോ എടുത്തു കളയുകയോ ചെയ്തത്.
പുതിയ വിജ്ഞാപന പ്രകാരം രാജ്യത്തെ ഏതു പൗരനും കശ്മീരിലും ലഡാകിലും ഭൂമി സ്വന്തമാക്കാം. നേരത്തെ, സംസ്ഥാനത്ത് സ്ഥിര താമസമുള്ള ആള്‍ക്ക് മാത്രമേ ഭൂമി വാങ്ങാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ.
മന്ത്രാലയ തീരുമാനത്തിന് പിന്നാലെ സംസ്ഥാനത്തെ വില്‍ക്കാന്‍ വച്ചിരിക്കുകയാണ് എന്ന പ്രസ്താവനയുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല രംഗത്തുവന്നു. ഇത് സ്വീകാര്യമല്ല. പാവപ്പെട്ട കര്‍ഷകരാണ് ഇതിന്റെ കെടുതികള്‍ അനുഭവിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, കശ്മീരിനുണ്ടായിരുന്ന പ്രത്യേക ഭരണഘടനാ പരിരക്ഷയായ ആര്‍ട്ടിക്കിള്‍ 370ന് കീഴിലാണ് ഈ നിയമമുണ്ടായിരുന്നത്. ജമ്മു കശ്മീര്‍ ഫോറസ്റ്റ് ആക്ടും അഗ്രേറിയന്‍ റിഫോംസ് ആക്ടും വിജ്ഞാപനത്തിലൂടെ ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ഫോറസ്റ്റ് ആക്ട് ഇനി മുതല്‍ സംസ്ഥാനത്തും പ്രാബല്യത്തിലാകും.