ന്യൂഡല്‍ഹി: രാജ്യം വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ റിസര്‍വ് ബാങ്കില്‍ നിന്ന് വീണ്ടും സഹായം തേടി കേന്ദ്രസര്‍ക്കാര്‍. റിസര്‍വ് ബാങ്കിന്റെ ഇടക്കാല ലാഭവിഹിതത്തില്‍ നിന്ന് 30,000 കോടി രൂപ കൂടി കടമെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്ന് പണമെടുക്കുന്നത്.
സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് 1.76 ലക്ഷം കോടി രൂപ നൽകാൻ, ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ റിസർവ് ബാങ്ക് ബോർഡ് തീരുമാനെമടുത്തത് കഴിഞ്ഞമാസമായിരുന്നു. ഇതിനു പിന്നാലെയാണ് ലാഭവിഹിതം എന്നപേരിൽ സർക്കാർ വീണ്ടും പണത്തിനായി സമീപിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 28,000 കോടിരൂപ സർക്കാറിന് ലാഭവിഹിതം നൽകുകയുണ്ടായി. ‘‘ ആവശ്യമെങ്കിൽ 25,000 മുതൽ 30,000 കോടി രൂപ ഇടക്കാല ലാഭവിഹിതമായി റിസർവ് ബാങ്കിനോട് അഭ്യർഥിക്കും’’-ധനമന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങൾ സൂചന നൽകി.
റിസർവ് ബാങ്ക് ഡിവിഡൻറിനു പുറമെ, ആസ്തി വിൽപനയിൽനിന്നും ദേശീയ ചെറുകിട നിക്ഷേപ പദ്ധതിയിൽനിന്നും പണം ശേഖരിക്കാൻ പദ്ധതിയുണ്ടെന്നും അധികൃതർ സൂചന നൽകി.