ഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു നല്‍കുന്നതു ജാഗ്രതയോടെ വേണമെന്ന് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. കേരളത്തില്‍ എട്ടു ജില്ലകളില്‍ പ്രത്യേക നിരീക്ഷണം വേണമെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.
കോവിഡ് വ്യാപനം കുറഞ്ഞു തുടങ്ങിയതോടെ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയിട്ടുണ്ട്. ഇതു ജാഗ്രതയോടെ ചെയ്തില്ലെങ്കില്‍ തിരിച്ചടിയുണ്ടാവും. രോഗസ്ഥിരീകരണ നിരക്കു കൂടുതലുള്ള ജില്ലകളില്‍ പ്രത്യേകം നിരീക്ഷണവും ജാഗ്രതയും വേണം. കേരളത്തിലെ എട്ടു ജില്ലകളില്‍ ടിപിആര്‍ കൂടുതലാണെന്ന് ആരോഗ്യ സെക്രട്ടറിയുടെ കത്തില്‍ പറയുന്നു.
കേരളത്തിനു പുറമേ രാജസ്ഥാന്‍, മണിപ്പൂര്‍, സിക്കിം, ത്രിപുര, ബംഗാള്‍, പുതുച്ചേരി, ഒഡിഷ, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, അസം, ആന്ധ്ര എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ആരോഗ്യമന്ത്രാലയം കത്തയച്ചിട്ടുള്ളത്.