X

ടിപിആര്‍ പത്തിന് മുകളിലാണെങ്കില്‍ കര്‍ശന നിയന്ത്രണം വേണം; കേരളത്തിന് കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദ്ദേശം

ഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഇപ്പോഴും സജീവമായി നില്‍ക്കുന്ന പത്ത് സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ രേഖയുമായി കേന്ദ്ര സര്‍ക്കാര്‍. രോഗ വ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ എങ്ങനെ നടപ്പാക്കണമെന്ന നാലിന മാര്‍ഗ രേഖ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കി.

10 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള എല്ലാ സംസ്ഥാനങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ഒഡിഷ, അസം, മിസോറം, മേഘാലയ, ആന്ധ്രാപ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. വലിയ ആള്‍ക്കൂട്ടങ്ങളോ, അനാവശ്യ യാത്രകളോ വിലക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ ഘട്ടം നിര്‍ണായകമാണെന്നും, ഇവിടെ എന്തെങ്കിലും പിഴവുകള്‍ പറ്റിയാല്‍ സ്ഥിതി ഗുരുതരമാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നു. രാജ്യത്തെ 46 ജില്ലകളില്‍ നിലവില്‍ 10 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കുണ്ട്. 53 ജില്ലകളില്‍ അഞ്ച് ശതമാനത്തിനും പത്ത് ശതമാനത്തിനും ഇടയിലാണ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. ഇത് പത്ത് ശതമാനത്തിലേക്ക് എത്തുന്നത് തടയാനാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ നിര്‍ദേശം നല്‍കുന്നത്.

കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളില്‍ കര്‍ശന കണ്ടെയ്ന്‍മെന്റ് നടപടികളും നിരീക്ഷണവും തുടരുക. കേസുകള്‍ കൃത്യമായി അടയാളപ്പെടുത്തി കോണ്ടാക്ട് ട്രെയ്‌സിങ് നടത്തുക. കണ്ടെയ്ന്‍മെന്റ് സോണുകള്‍ കേസുകളുടെ അടിസ്ഥാനത്തില്‍ നടത്തുക. ഗ്രാമീണ മേഖലകളില്‍ ആരോഗ്യ സംവിധാനം മെച്ചപ്പെട്ടതാക്കുക. ഇത് കുട്ടികള്‍ക്ക് മികച്ച ചികിത്സ നല്‍കാനുള്ള തരത്തിലുള്ളതാകണം. ഐസിഎംആര്‍ മാര്‍ഗ രേഖ അനുസരിച്ച് കൃത്യമായി മരണ സംഖ്യ റിപ്പോര്‍ട്ട് ചെയ്യുക എന്നിവയാണ് കേന്ദ്ര മുന്നോട്ടു വച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍.

5 മുതല്‍ 10 ശതമാനം വരെ ടെസ്റ്റ് പൊസിറ്റിവിറ്റ് നിരക്കുള്ള ജില്ലകളില്‍ വാക്‌സിനേഷന്‍ പരമാവധി കൂട്ടണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കുന്നു. എത്ര വാക്‌സിന്‍ ഡോസുകള്‍ കിട്ടുന്നോ, അവ അതിന് ആനുപാതികമായി രോഗികള്‍ കൂടിയ പ്രദേശങ്ങളിലേക്ക് എത്തിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

 

Test User: