ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി എസ്.എസ് അലുവാലിയ. പ്രധാനമന്ത്രിയോ അമിത് ഷായെ ബി.ജെ.പി വക്താക്കളോ 300 പേര് കൊല്ലപ്പെട്ടെന്ന് പറഞ്ഞിരുന്നോ എന്നും കേന്ദ്രമന്ത്രി ചോദിച്ചു.
മാധ്യമങ്ങളിൽ വന്ന വാർത്തകൾ ഞാനും കണ്ടിരുന്നു. ആക്രമണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ ചുരുവിൽ പ്രസംഗിച്ചതു കേട്ടു. 300 പേർ കൊല്ലപ്പെട്ടന്ന് അദ്ദേഹം പറഞ്ഞിരുന്നോ? ഏതെങ്കിലും ബിജെപി വക്താവ് പറഞ്ഞോ? അമിത് ഷാ പറഞ്ഞോ?- കോൽക്കത്തയിൽ മാധ്യമങ്ങളോടു സംസാരിക്കവെ അലുവാലിയ ചോദിച്ചു. ആൾനാശമായിരുന്നില്ല ലക്ഷ്യമെന്നും ഭീകരകേന്ദ്രങ്ങൾ തകർക്കാനാകുമെന്നു തെളിയിക്കലായിരുന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ വ്യോമാക്രമണത്തിൽ ആരും കൊല്ലപ്പെട്ടില്ലെന്ന അന്താരാഷ്ട്ര മാധ്യമങ്ങളിലെ വാർത്തകളെകുറിച്ചുള്ള ചോദ്യത്തിനായിരുന്നു അലുവാലിയയുടെ മറുപടി.