പനാജി: കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന്റെ ആരോഗ്യനില മോശമായതായി റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ നിന്നും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം കേന്ദ്രമന്ത്രി ചികില്‍സയിലുള്ള മണിപ്പാല്‍ ആശുപത്രിയിലെത്തി. ശ്രീപദ് നായിക്കിന്റെ ആരോഗ്യസ്ഥിതി വിദഗ്ധസംഘം വിലയിരുത്തുകയാണെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
ചികില്‍സയിലുള്ള ശ്രീപദ് നായിക്കിന്റെ ശരീരത്തിലെ ഓക്‌സിജന്‍ അളവ് ക്രമാതീതമായി താഴ്ന്നുപോകുകയായിരുന്നു. ഇതോടെ അടിയന്തരമായി വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം കേന്ദ്രമന്ത്രിയെ പരിശോധിക്കാനെത്തി.
വിദഗ്ധ സംഘം ഇന്നും നായിക്കിനെ പരിശോധിക്കും. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഗോവയില്‍ തന്നെ ചികില്‍സ തുടരുമെന്നും പ്രമോദ് സാവന്ത് അറിയിച്ചു. പ്രതിരോധ, ആയുഷ് മന്ത്രാലയങ്ങളുടെ ചുമതലയുള്ള കേന്ദ്രസഹമന്ത്രിയാണ് ശ്രീപദ് നായിക്ക്. 10 ദിവസം മുമ്പാണ് ഇദ്ദേഹത്തെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.