മുംബൈ: മോദി സര്‍ക്കാറിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ നടക്കുന്ന ഐതിഹാസികമായ കര്‍ഷകസരത്തിന് മുന്നില്‍ സര്‍ക്കാറിന് മുട്ടിടിക്കുന്നു. നിയമം പിന്‍വലിക്കാതെ ഇനി ചര്‍ച്ചക്കില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയതോടെ ജനകീയ സമരങ്ങളെ നേരിടാനുള്ള തങ്ങളുടെ പതിവ് തന്ത്രം പുറത്തെടുത്തിരിക്കുകയാണ് മോദി സര്‍ക്കാര്‍. കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്നില്‍ ചൈനയും പാകിസ്താനുമാണെന്ന് കേന്ദ്രമന്ത്രി റാവു സാഹിബ് ദാന്‍വെ ആരോപിച്ചു.
പൗരത്വനിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയുമായി ബന്ധപ്പെട്ട് രാജ്യത്തെ മുസ്ലീങ്ങള്‍ നേരത്തേ തെറ്റിദ്ധരിപ്പിക്കപ്പെട്ടു. എന്നാല്‍ ആ ശ്രമങ്ങള്‍ ഫലം കണ്ടില്ല ഇപ്പോള്‍ കാര്‍ഷികനിയമങ്ങള്‍ മൂലം കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാകുമെന്ന് അവരെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയില്‍ ഒരു ആരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാജ്യത്ത് നടക്കുന്ന പ്രക്ഷോഭം കര്‍ഷകരുടേയല്ല. അതിന് പിന്നില്‍ ചൈനയുടെയും പാകിസ്താന്റെയും കരങ്ങളുണ്ട്. രാജ്യത്തെ മുസ്‌ലിങ്ങളെയാണ് ആദ്യം അവര്‍ സ്വാധീനിച്ചത്. അവരോട് എന്താണ് പറഞ്ഞത്? ദേശീയ പൗരത്വ രജിസ്റ്റര്‍ വരുന്നു, പൗരത്വനിയമ ഭേദഗതി വരുന്നു ആറുമാസത്തിനുളളില്‍ മുസ്‌ലിങ്ങള്‍ രാജ്യം വിട്ടുപേകേണ്ടി വരുമെന്ന്. എന്നാല്‍ ആ ശ്രമങ്ങള്‍ വിജയിച്ചില്ല. ഇപ്പോള്‍ കര്‍ഷകരോട് പറയുകയാണ് പുതിയ നിയമങ്ങള്‍ നിങ്ങള്‍ക്ക് തിരിച്ചടിയുണ്ടാക്കുമെന്ന്. ഇത് മറ്റുരാജ്യങ്ങളുടെ ഗൂഢാലോചനയാണ്.’ കേന്ദ്രമന്ത്രി പറഞ്ഞു.
അതേസമയം എന്തടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു പ്രസ്താവനയെന്ന് വ്യക്തമാക്കാന്‍ മന്ത്രി തയ്യാറായിട്ടില്ല. എല്ലാ ജനകീയ പ്രക്ഷോഭങ്ങളെയും ഇത്തരത്തില്‍ വിദേശ പങ്കാളിത്തത്തിന്റെയും രാജ്യദ്രോഹത്തിന്റെ ചാപ്പയടിച്ച് അരികുവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കാറുള്ളത്. കര്‍ഷക സമരത്തേയും ഇതേ രീതില്‍ നേരിടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് മന്ത്രിയുടെ പ്രസ്താവന തെളിയിക്കുന്നത്.