പ്രതിരോധ മേഖലയെ സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ മേഖലയിലെ സര്‍ക്കാരിന്റെ പരീക്ഷണ സംവിധാനങ്ങള്‍ ഇനി മുതല്‍ സ്വകാര്യ ആയുധ നിര്‍മ്മാതാക്കള്‍ക്കും ഉപയോഗിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കും.
സര്‍ക്കാരിന്റെ പരീക്ഷണസംവിധാനങ്ങള്‍ സ്വകാര്യ ആയുധ നിര്‍മ്മാതാക്കളും ഉപയോഗിക്കുന്നത് പ്രതിരോധമേഖലയ്ക്ക് കൂടുതല്‍ കരുത്ത് നല്‍കുമെന്ന വിശദീകരണമാണ് പ്രതിരോധമന്ത്രാലയം നല്‍കുന്നത്. പ്രതിരോധമേഖലയെ ശക്തിപ്പെടുത്തുന്നതിന് തടസ്സമാകുന്ന പല ഘടകങ്ങളും ഇതോടെ ഇല്ലാതാകുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
രാജ്യത്ത് ഏകദേശം 222 സ്വകാര്യ കമ്പനികളാണ് പ്രതിരോധമേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിരോധമേഖലയിലും സ്വകാര്യ പങ്കാളിത്തം ഉറപ്പുവരുത്തുന്നതാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.പ്രതിരോധ മേഖലയിലെ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിന് മുന്‍പ് യാതൊരു ചര്‍ച്ചയും നടന്നില്ല എന്നത് കൂടുതല്‍ പ്രതിഷേധങ്ങളിലേക്കാണ് വഴിവെക്കുന്നത്.