X

മുസ്‌ലിംകള്‍ക്കെതിരായ നിരന്തര അക്രമം കേന്ദ്ര സര്‍ക്കാര്‍ നോക്കിനില്‍ക്കുന്നു: രാഹുല്‍ ഗാന്ധി

മുസ്ലിംകൾക്കെതിരെ നടക്കുന്ന നിരന്തര ആക്രമണങ്ങളിൽ നിസ്സംഗരായി നോക്കി നിൽക്കുകയാണ് കേന്ദ്ര സർക്കാർ എന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സർക്കാർ സംവിധാനങ്ങൾ നിശബ്ദമായി കണ്ടുനിൽക്കുകയാണ്. ബി.ജെ.പി സർക്കാരിന്റെ പിന്തുണയാണ് നിയമവാഴ്ചയെ വെല്ലുവിളിച്ചു നടക്കുന്ന അതിക്രമങ്ങൾക്ക് ധൈര്യം നൽകുന്നത്. ഭരണഘടനയ്ക്കെതിരെ കൂടിയുള്ള അതിക്രമമാണിതെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികളുണ്ടാകണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഹരിയാനയിലും മഹാരാഷ്ട്രയിലും നടന്ന ആൾക്കൂട്ട ആക്രമണങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് രാഹുൽ പ്രതികരിച്ചത്. വിദ്വേഷം ആയുധമാക്കി അധികാരത്തിലേറിയവർ രാജ്യത്തെങ്ങും ഭീതിയുടെ വാഴ്ച തുടരുകയാണ്. ആൾക്കൂട്ടത്തിന്റെ രൂപത്തിൽ ഒളിഞ്ഞിരിക്കുന്ന വിദ്വേഷസംഘങ്ങൾ നിയമവാഴ്ചയെ വെല്ലുവിളിച്ച് പരസ്യമായി ആക്രമണം നടത്തുകയാണെന്ന് രാഹുൽ വിമർശിച്ചു.

”ഈ അക്രമികൾക്ക് ബി.ജെ.പി സർക്കാർ എല്ലാ സ്വാതന്ത്ര്യവും നൽകിയിട്ടുണ്ട്. അതുകൊണ്ടാണ് അവർക്കിതൊക്കെ ചെയ്യാൻ ധൈര്യം ലഭിക്കുന്നത്. മുസ്ലിംകൾ ഉൾപ്പെടെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടരുമ്പോഴും സർക്കാർ സംവിധാനങ്ങൾ നിശബ്ദമായി എല്ലാം കണ്ടുനിൽക്കുകയാണ്. ഇത്തരം അരാജകശക്തികൾക്കെതിരെ ശക്തമായ നടപടി കൈക്കൊണ്ട് നിയമവാഴ്ച നടപ്പാക്കണം.

” ഇന്ത്യയുടെ അഖണ്ഡതയ്ക്കും ഇന്ത്യയ്ക്കാരുടെ അവകാശങ്ങൾക്കുമെതിരായ ഏത് ആക്രമണവും ഭരണഘടനയ്ക്കെതിരെ കൂടിയുള്ള ആക്രമണമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഇത് ഒരു നിലയ്ക്കും അംഗീകരിക്കാനാകില്ല. ബി.ജെ.പി എന്തൊക്കെ ചെയ്താലും വിദ്വേഷത്തിനെതിരെ ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള ചരിത്രപരമായ പോരാട്ടം നമ്മൾ ജയിക്കുമെന്നും രാഹുൽ വ്യക്തമാക്കി.

webdesk13: