പൗരത്വ നിയമ ഭേദഗതി നടപ്പാക്കികൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സിഎഎ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. ഈ ആഴ്ച തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ പരക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.
2019ലാണ് നിയമം പാർലമെന്റ് പാസാക്കിയത്. 2020 ജനുവരി 10ന് നിയമം നിലവിൽ വന്നെങ്കിലും ചട്ടങ്ങൾ രൂപവത്കരിക്കാത്തതിനാൽ നടപ്പാക്കിയില്ല. കോവിഡ് വ്യാപനവും നിയമം നടപ്പാക്കുന്നത് മാറ്റിവെക്കാൻ കാരണമായി.
2014 ഡിസംബർ 31നുമുമ്പ് കുടിയേറിയ ഹിന്ദു, സിഖ്, ജയിൻ, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളെയാണ് പൗരത്വത്തിന് പരിഗണിക്കുക. പൗരത്വത്തിനായി മതം പരിഗണിക്കുന്നതും മുസ്ലിംകളെ ഒഴിവാക്കിയതും വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി വ്യാപക പ്രതിഷേധമാണ് രാജ്യത്ത് അരങ്ങേറിയിരുന്നത്.