X

കേരളത്തെ വീണ്ടും പിഴിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍; ദുരന്തകാലത്തെ എയര്‍ലിഫ്റ്റിങ് സേവനത്തിന് ചിലവായ 132.62 കോടി തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രം

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ദുരന്തത്തിൽ സഹായമുണ്ടാവാത്തതിലും അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാത്തതിലും വിമർശനവും പ്രതിഷേധവും ശക്തമായിരിക്കെ കേരളത്തിന്റെ കഴുത്തിന് പിടിച്ച് ശ്വാസംമുട്ടിച്ച് കേന്ദ്രം.‌ ദുരന്തങ്ങളിൽ എയര്‍ലിഫ്റ്റിന് ചെലവായ തുക കേരളം ‌തിരിച്ചടയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. 2019ലെ പ്രളയം മുതൽ മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിലെ രക്ഷാപ്രവർത്തനം വരെയുള്ളതിന്റെ തുകയാണ് അടയ്ക്കേണ്ടത്.

ഈ വകയിൽ സംസ്ഥാനം 132 കോടി 62 ലക്ഷം രൂപ ഉടൻ നൽകണമെന്നനാണ് കേ​ന്ദ്രം ആവശ്യപ്പെട്ടത്. എത്രയും പെട്ടെന്ന് തുക അടക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തയക്കുകയും ചെയ്തു. 2019ലെ പ്രളയത്തിലും വയനാട് ഉരുൾ പൊട്ടലിലും വ്യോമസേന എയർലിഫ്റ്റിങ് സേവനം നൽകിയിരുന്നു. എസ്.ഡി.ആർ.എഫിന്റെ നീക്കിയിരിപ്പിൽ നിന്നാണ് വലിയ തുക കേന്ദ്രം തിരിച്ചുചോദിക്കുന്നത്.

സഹായം ആവശ്യപ്പെട്ട് സർക്കാരും കേരളത്തിലെ എംപിമാരും നിവേദനം നൽകിയിട്ടും കേന്ദ്രത്തിന്റെ മനസ് അലിഞ്ഞിരുന്നില്ല. ഒക്ടോബർ മാസം നൽകിയ കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പ്രളയകാലത്ത് അരിയുൾപ്പെടെയുള്ള കാര്യങ്ങൾക്ക് അനുവദിച്ച തുക തിരിച്ചുനൽകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതിനു പുറമെയാണ് പുതിയ കത്ത്.

webdesk14: