X

ജനദ്രോഹ റെയില്‍വേ നയം കേന്ദ്ര സര്‍ക്കാര്‍ തിരുത്തണം: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

റെയിൽവേ മേഖലയിൽ സാധാരണക്കാരെ ദുരിതത്തിലാക്കുന്ന തീരുമാനങ്ങളെടുക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം ജില്ലാ കമ്മറ്റി കോഴിക്കോട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിച്ച റെയിൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാറിന്റെ വലിയ വരുമാന സ്രോതസ്സായ റെയിൽവേ കടുത്ത അനീതിയാണ് യാത്രക്കാരോട് ചെയ്യുന്നത്. സമയനിഷ്ഠയില്ലാതെ വണ്ടികൾ ഓടുന്നതും സ്റ്റേഷനുകളിൽ ആവശ്യമായ സൗകര്യങ്ങളില്ലാത്തതും യാത്രക്കാരെ ഏറെ പ്രയാസപ്പെടുത്തുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ളവർ ആശ്രയിക്കുന്ന റെയിൽവേ സംവിധാനം ബഹുസ്വരതയുടെ പ്രതീകം കൂടിയാണ്. എന്നാൽ കൂടുതൽ സൗകര്യ യാത്രക്കൊരുക്കിയ വന്ദേഭാരതിന്റെ പേരിൽ മറ്റു ട്രെയിനുകൾ പിടിച്ചിടുന്നത് പതിനായിരക്കണക്കിന് സാധാരണക്കാരെയാണ് ദിവസവും ദുരിതത്തിലാക്കുന്നത്.

കോവിഡിന്റെ മറവിൽ നിർത്തലാക്കിയ പാസഞ്ചർ ട്രയിനുകളും കൂട്ടിയ ടിക്കറ്റ് നിരക്കും സാധാരണക്കാരെ വലിയ തോതിൽ ബാധിച്ചുവെന്നും തങ്ങൾ ചൂണ്ടിക്കാട്ടി. റെയിൽവേയിലെ ലോക്കോ പൈലറ്റുമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് അമിത ജോലിഭാരം നൽകുന്നതും അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നതും നീതീകരിക്കാനാവില്ല. കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ റെയിൽവേ നയങ്ങൾക്കെതിരെ നിരന്തര സമരങ്ങൾക്ക് മുസ്ലിം യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും തങ്ങൾ വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം സംസ്ഥാനത്തുടനീളം യൂത്ത് ലീഗ് റെയിൽ സമരം സംഘടിപ്പിച്ചു.

webdesk13: