സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ നോമിനികളെ തിരുകിക്കയറ്റി കോര്‍പ്പറേറ്റ് താല്പര്യം പരിരക്ഷിക്കാനുള്ള വ്യഗ്രതയിലാണ് കേന്ദ്ര സര്‍ക്കാറെന്ന് മുസ്‌ലിം ലീഗ് എംപി ഇടി മുഹമ്മദ് ബഷീര്‍. ഇത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചാര്‍ട്ടേഡ് അക്കൗണ്ടന്റു മാര്‍, കോസ്റ്റ് ആന്‍ഡ് വര്‍ക്ക്‌സ് അക്കൗണ്ടന്റ്മാര്‍, കമ്പനി സെക്രട്ടറിമാര്‍ എന്നിവയ്ക്കായുള്ള നിയമത്തിന്റെ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതാത് രാജ്യത്തിന്റെ സാഹചര്യത്തില്‍ പുതിയ നിയമനിര്‍മാണങ്ങള്‍ നടക്കുന്നുണ്ട്. ഇന്ത്യയിലും മാറിയ ലോകത്തിന്റെ പ്രസക്തി വെച്ചുകൊണ്ടുള്ള നിയമ നിര്‍മ്മാണങ്ങള്‍ അനിവാര്യമാണ്. ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന നിയമം പ്രഥമ ദൃഷ്ടിയില്‍ നല്ലതാണെന്ന് തോന്നുമെങ്കിലും ധാരാളം അപാകതകളും അമിതാധികാര താല്പര്യങ്ങളും ഉണ്ടെന്ന് ഇടി പറഞ്ഞു.
അച്ചടക്കം ശക്തിയായി നിലനിര്‍ത്തണമെന്നും ഇത്തരം സ്ഥാപനങ്ങളില്‍ സമയബന്ധിതമായി പരാതികള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കണമെന്നും സുതാര്യതയും ഉത്തരവാദിത്തബോധവും ഉറപ്പുവരുത്തണം എന്നുമെല്ലാം നിയമത്തില്‍ പറയുന്നുണ്ടെങ്കിലും ഫലത്തില്‍ നിയമനിര്‍മ്മാണം കൊണ്ട് ഉദ്ദേശിക്കുന്നത് സ്ഥാപനങ്ങളില്‍ സാങ്കേതിക വിദഗ്ധന്മാര്‍ക്ക് പകരം സര്‍ക്കാരിന് താല്പര്യമുള്ള മറ്റുള്ളവരെ തിരുകികയറ്റുകയാണെന്ന് ഇ ടി വ്യ്ക്തമാക്കി. സ്വയംഭരണ സ്ഥാപനങ്ങളുടെ എല്ലാം തലപ്പത്ത് തങ്ങള്‍ക്ക് താല്‍പര്യമുള്ളവരെ തിരുകിക്കയറ്റുന്ന പ്രവണത ഇവിടെ കൂടി വരികയാണെന്നും സ്വയം ഭരണ അവകാശങ്ങളുടെ മേല്‍ പിടിമുറുക്കാനുള്ള ഗവണ്‍മെന്റിന്റെ വ്യഗ്രതയും പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക സ്ഥാപനങ്ങളുടെ അച്ചടക്ക സമിതിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് ഇതുവരെ ഉണ്ടായിരുന്നത് സ്ഥാപനത്തിലെ തന്നെ സാങ്കേതിക വിദഗ്ധരാണ്. തല്‍സ്ഥാനത്ത് ഇപ്പോള്‍ വിദഗ്ദരെ മാറ്റി സര്‍ക്കാരിന് താല്പര്യമുള്ളവരെ നിയമിക്കുകയാണ് ഈ നിയമം ചെയ്യുന്നത്. ഇത് തെറ്റും അനീതിയുമാണ്. ഈ സാഹചര്യത്തില്‍ ഈ ബില്ല് സഭയില്‍ പാസാക്കുന്നതിന് മുന്‍പ് വിശദമായ ചര്‍ച്ചയ്ക്കായി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ഇടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.