X

ഭാര്യമാരെ ഉപേക്ഷിച്ച് മുങ്ങുന്ന പ്രവാസികള്‍ ഇനി കുടുങ്ങും

ന്യൂഡല്‍ഹി: വിവാഹം കഴിച്ച ശേഷം ഭാര്യമാരെ ഉപേക്ഷിച്ചു പ്രവാസം ജീവിതം നയിക്കുന്ന ഭര്‍ത്താക്കന്മാരുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ഇത്തരത്തി ല്‍ പെണ്‍കുട്ടികളെ വഴിയാധാരമാക്കുന്ന പുരുഷന്മാരുടെയോ ബന്ധുക്കളുടെയോ വസ്തുവകകള്‍ പിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ക്ക് കേന്ദ്രമന്ത്രിസഭാതല സമിതി ശുപാര്‍ശ ചെയ്തു.

ഇത്തരത്തിലുള്ള സംഭവങ്ങള്‍ കോടതിയില്‍ എത്തുമ്പോള്‍ എതിര്‍ കക്ഷിയെ കോടതിയിലെത്തിക്കാനും ഒപ്പം ഇരയ്ക്ക് വേണ്ട സഹായവും കോടതി ചിലവുകകള്‍ പ്രതിയില്‍ നിന്ന് വാങ്ങി നല്‍കാനും കൂടാതെ വസ്തുക്കള്‍ പിടിച്ചെടുക്കാനുമുള്ള നടപടികള്‍ക്കാണ് മന്ത്രിസഭാ യോഗം ശുപാര്‍ശ ചെയ്തത്. മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശക്ക് വനിതാ-ശിശുക്ഷേമ മന്ത്രാലയം അംഗീകാരം നല്‍കി. ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനൊപ്പം കുറ്റാരോപിതനായ ആളുടെയോ ബന്ധുക്കളുടെയോ വസ്തുക്കള്‍ കണ്ടുകെട്ടാനുമുള്ള നടപടികളും ആവശ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

2015-17 കാലഘട്ടത്തില്‍ വിദേശകാര്യമന്ത്രാലയത്തിന് 3,328 പരാതികളാണ് പ്രവാസികളായ വീട്ടമ്മമാരില്‍ നിന്ന് ലഭിച്ചത്. വിവാഹ മോചനം, സ്ത്രീധന സംബന്ധമായ പീഡനങ്ങള്‍, ശാരീരിക പീഡനങ്ങള്‍, പാസ്‌പോര്‍ട്ട് പിടിച്ചുവെക്കല്‍ തുടങ്ങിയ ഒട്ടേറെ സംഭവങ്ങള്‍ നടന്നു വരുന്നതായും മന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, നിയമകാര്യമന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവരും പുതിയ നിര്‍ദേശത്തെ പിന്തുണച്ചു. പ്രവാസി വിവാഹങ്ങള്‍ നിര്‍ബന്ധമായും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണമെന്നു കേന്ദ്രമന്ത്രി മേനകാ ഗാന്ധി വ്യക്തമാക്കി. ഇത്തരത്തിലുള്ള കേസുകള്‍ ആഭ്യന്ത്രമന്ത്രാലയവുമായി ബന്ധപ്പെട്ടുള്ള നോഡല്‍ ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കാനും തീരുമാനമായി.
കോടതി നിര്‍ദേശം ലഭിക്കുന്ന മുറക്ക് ഇത്തരത്തിലുള്ള കേസുകളില്‍ പ്രതികളാകുന്നവരുടെ പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കുന്ന കാര്യവും കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലാണ്. ഇത്തരത്തില്‍ ഗുജറാത്തില്‍ 12,000ഉം പഞ്ചാബില്‍ 25,000 ഉം സ്ത്രീകളെയാണ് പ്രവാസികള്‍ ഉപേഷിച്ചത്. പ്രവാസ ഭര്‍ത്താക്കന്മാരുടെ പീഡനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിനായി വനിതാ-ശിശു വികസനം, വിദേശകാര്യ-ആഭ്യന്തര മന്ത്രാലയങ്ങള്‍ വെബ്‌സൈറ്റ് തുറന്നിട്ടുണ്ട്.

chandrika: