X

പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

ന്യൂഡല്‍ഹി: പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. നേരത്തെ, നിരോധിക്കാന്‍ നീക്കമുണ്ടായിരുന്നെങ്കിലും കേരളത്തിന്റെ വിയോജിപ്പിനെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു. മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകത്തെ തുടര്‍ന്നാണ് വീണ്ടും നിരോധിക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.

കഴിഞ്ഞ ദിവസത്തെ അവലോകന ഓഡിയോ കോണ്‍ഫറന്‍സില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരള പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നും വിശദവിവരങ്ങള്‍ തേടിയിരുന്നു. കേരളപൊലീസ് ഇന്റലിജന്‍സും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ കേരളത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഐ.ബി. റാണിയും നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രനീക്കം.

അതേസമയം, കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. ഇന്റലിജന്‍സ് എ.ഡി.ജി.പി ടി.കെ വിനോദ് കുമാറിനെ രാജ്ഭവനില്‍ വിളിച്ചുവരുത്തിയാണ് വിശദീകരണം തേടിയത്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയത് എന്നാണ് വിവരം. സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം ചെയ്യുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

chandrika: