തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. വിദേശനാണയ വിനിമയ ചട്ടലംഘനം ഉണ്ടായോ എന്നാണ് പരിശോധിക്കുന്നത്. യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് വിദേശ സഹായം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ അഞ്ച് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ജലീലിനെതിരെ ആരോപിക്കപ്പെടുന്നത്.
കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ച ജലീലിന്റെ നടപടി സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. വിഷയത്തില്‍ ഇതുവരെ ജലീലിന് കൃത്യമായ വിശദീകരണം നല്‍കാനാവാത്തതും കൂടുതല്‍ കുരുക്കാവുകയാണ്. വിശുദ്ധ ഖുര്‍ആനും സക്കാത്തിന്റെ പണവുമാണ് കൊണ്ടുവന്നതെന്നാണ് ഇപ്പോള്‍ ജലീലിന്റെ ന്യായീകരണം.
അതിനിടെ വിവാദങ്ങളുടെ തോഴനായി മാറിയ ജലീലിനെ ഇനിയും ചുമക്കണോ എന്ന കാര്യത്തില്‍ സിപിഎമ്മിനുള്ളില്‍ ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. മുഖ്യമന്ത്രിയുടെ രക്ഷാകവചത്തിലാണ് ഇത്രയും നാള്‍ ജലീല്‍ പിടിച്ചു നിന്നത്. എന്നാല്‍ ജലീല്‍ തുടര്‍ച്ചയായി വിവാദങ്ങളുണ്ടാക്കുന്നത് മുന്നണിയില്‍ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.