കളരിപ്പയറ്റിനെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം; സമദാനിയെ അറിയിച്ച് കേന്ദ്ര ടൂറിസം-സാംസ്‌കാരിക മന്ത്രി

കേരളത്തിന്റെ തനത് ആയോധന കലയായ കളരിപ്പയറ്റിനെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ടൂറിസം – സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് ഡോ. എം.പി അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു. തഞ്ചാവൂര്‍ ആസ്ഥാനമായുള്ള സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പന്ത്രണ്ട് കളരിപ്പയറ്റ് പ്രദര്‍ശനങ്ങള്‍ നടത്തിയതായും സാംസ്‌കാരിക വകുപ്പിന് കളരിപ്പയറ്റിന്റെ പ്രോത്സാഹനത്തിനായി രണ്ടു പദ്ധതികള്‍ ഉള്ളതായും മന്ത്രി അറിയിച്ചു. ഗുരുശിഷ്യ പരമ്പര, കള്‍ച്ചറല്‍ ഫംഗ്ഷന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ ഗ്രാന്‍ഡ് എന്നിവയാണവ.

ഗുരുശിഷ്യ പരമ്പര പ്രകാരം കളരി ഗുരുക്കന്മാര്‍ക്ക് മാസം പതിനയ്യായിരം രൂപയും ശിഷ്യന്മാര്‍ക്ക് മാസം പതിനായിരം രൂപയും ഗ്രാന്റ് ആയി അനുവദിക്കുന്നുണ്ട്. കള്‍ച്ചറല്‍ ഫംഗ്ഷന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ ഗ്രാന്‍ഡ് അനുസരിച്ച് അഞ്ച് ലക്ഷം രൂപ വരെ സെമിനാറുകള്‍, പ്രദര്‍ശനം, ഗവേഷണം എന്നിവ സംഘടിപ്പിക്കുന്നതിന് നല്‍കുന്നുണ്ട്. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഇരുപത് ലക്ഷം രൂപ വരെ നല്‍കുന്നുണ്ടെന്നും മന്ത്രി സമദാനിയെ അറിയിച്ചു. കളരിപ്പയറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികളെക്കുറിച്ച് ലോക്‌സഭയില്‍ നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

 

webdesk17:
whatsapp
line