X
    Categories: CultureMoreNewsViews

സ്‌കൂള്‍ ബാഗിന്റെ ഭാരം നിജപ്പെടുത്തി കേന്ദ്രസര്‍ക്കാറിന്റെ സര്‍ക്കുലര്‍

ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം നിജപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറക്കാന്‍ വിശദമായ മാര്‍ഗനിര്‍ദേശവുമായാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളെ ഭാഷയും കണക്കും മാത്രം പഠിപ്പിച്ചാല്‍ മതിയെന്ന് സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. ഈ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഹോംവര്‍ക്ക് നല്‍കാന്‍ പാടില്ല. മൂന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളില്‍ ഭാഷയും കണക്കും പരിസ്ഥിതി പഠനവും മാത്രം മതിയെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.

സ്‌കൂള്‍ ബാഗിന്റെ ഭാരവും സര്‍ക്കുലറില്‍ നിജപ്പെടുത്തി. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ സ്‌കൂള്‍ ബാഗിന്റെ ഭാരം പരമാവധി ഒന്നരകിലോയാണ്. മൂന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളില്‍ മൂന്നുകിലോ വരെയാകാം. ആറ്, ഏഴ് ക്ലാസുകളില്‍ നാലുകിലോയും എട്ട്, ഒമ്പത് ക്ലാസുകളില്‍ നാലരകിലോയുമാണ് പരമാവധി നിജപ്പെടുത്തിയിട്ടുള്ളത്. പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചുകിലോ വരെ ഭാരമാകാം.

അധിക പുസ്തകങ്ങളും പഠനോപകരണങ്ങളും കൊണ്ടുവരാന്‍ കുട്ടികളോട് ആവശ്യപ്പെടരുത്. മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും തുടര്‍നടപടി സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: