ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പ്രതികരിച്ച ആയിരത്തോളം എക്കൗണ്ടുകള്‍ പൂട്ടണമെന്ന നിര്‍ദേശം ട്വിറ്റര്‍ അധികൃതര്‍ തള്ളിയതിന് പിന്നാലെ നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് കേന്ദ്രം ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കി. സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പരത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ പറഞ്ഞു.
ഖലിസ്ഥാന്‍ വാദത്തെ പിന്തുണയ്ക്കുന്നുവെന്നും പാകിസ്താന്‍റെ പ്രേരണയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് 1178 അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടത്. 500ഓളം അക്കൗണ്ടുകൾ ട്വിറ്റർ മരവിപ്പിച്ചിരുന്നു. എന്നാൽ, അഭിപ്രായ സ്വാതന്ത്രത്തിനുള്ള അവകാശം ചൂണ്ടിക്കാട്ടി മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും രാഷ്ട്രീയ നേതാക്കളുടെയും അക്കൗണ്ടുകൾ മരവിപ്പിക്കാൻ ട്വിറ്റർ തയാറായില്ല. ഇതാണ് കേന്ദ്ര സർക്കാറിനെ ചൊടിപ്പിച്ചത്.
പോപ് ഗായിക റിഹാന അടക്കമുള്ള ആഗോള സെലിബ്രിറ്റികള്‍ കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതോടെയാണ് കര്‍ഷക സമരം ലോകശ്രദ്ധയാകര്‍ഷിച്ചത്. ഇത് രാജ്യത്തിന് അപമാനകരമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കേന്ദ്രസര്‍ക്കാറിനെ പിന്തുണയക്കാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നെങ്കിലും ആഗോളതലത്തില്‍ സര്‍ക്കാറിന് മുഖം രക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ട്വീറ്ററിനെതിരെ കടുത്തനിലപാടുമായി കേന്ദ്രം രംഗത്ത് വന്നിരിക്കുന്നത്.