X

കേന്ദ്ര മത്സ്യബന്ധന നിയന്ത്രണ ബില്‍ കൊലക്കയറാകും

ഉമ്മര്‍ ഒട്ടുമ്മല്‍

കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ കൊണ്ടുവരാന്‍ പോകുന്ന ഇന്ത്യന്‍ മറൈന്‍ ഫിഷറീസ് റെഗുലേഷന്‍ ആന്റ് മാനേജ്‌മെന്റ് ബില്‍ 2019 (കേന്ദ്ര മത്സ്യബന്ധന നിയന്ത്രണ ബില്‍) രാജ്യത്തെ കടലിന്റെ മക്കളായ പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ജീവിതോപാധി കടലിലെ മത്സ്യബന്ധന തൊഴില്‍ എന്നെന്നേക്കുമായി ഇല്ലാതാക്കുന്ന കൊലക്കയറായി മാറുകയാണെന്ന് ഭയപ്പെടുന്നു. പ്രാദേശിക തീര കടലും എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണ്‍ (ഇ.ഇ.സെഡ്) ആയി കണക്കാക്കുന്ന കടല്‍ പ്രദേശത്തും മത്സ്യബന്ധനം നടത്താന്‍ രണ്ട് തരം രജിസ്‌ട്രേഷന്‍ വേണമെന്ന നിര്‍ദിഷ്ട കേന്ദ്ര മത്സ്യബന്ധന നിയന്ത്രണ ബില്ലിലെ ചട്ടം പരമ്പരാഗത മത്സ്യതൊഴിലാളികളെ പ്രതിരോധത്തിലാക്കുമെന്നാണ് ആശങ്ക.

പ്രാദേശിക തീരക്കടലായ കരയില്‍ നിന്നും 12 നോട്ടിക്കല്‍ മൈല്‍ (22.22 കി.മീ) ദൂരം വരെയുള്ള കടല്‍ പ്രദേശത്ത് മത്സ്യബന്ധനം നടത്തുന്നതിന് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണ്‍ (ഇ.ഇ.സെഡ്) ആയി നിശ്ചയിച്ച 12 നോട്ടിക്കല്‍ മൈല്‍ മുതല്‍ 200 നോട്ടിക്കല്‍ മൈല്‍ (370.4 കി.മീ.) വരെയുള്ള മത്സ്യബന്ധനം നടത്തുന്നതിന് അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനുമാണ് ബില്‍ പ്രകാരം അധികാരമുണ്ടാവുക. പൂര്‍വികമായി രാജ്യത്തെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ അനുഭവിച്ചുവരുന്ന മത്സ്യബന്ധന അവകാശത്തിനുമേല്‍ ഈ ബില്‍ കൊലക്കത്തിയാവുകയാണ്. രണ്ടുതരം രജിസ്‌ട്രേഷന്‍ ഇതുമൂലം വേണ്ടിവരും.

ഒന്ന് സംസ്ഥാന സര്‍ക്കാരിന്റെയും മറ്റൊന്ന് കേന്ദ്രസര്‍ക്കാരിന്റെയും. ഇന്ത്യയിലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കേരളം, കര്‍ണാടകം, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ 100 നോട്ടിക്കല്‍ മൈല്‍ (185.2 കി.മീ) അധികം ദൂരം വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകാറുണ്ട്. ഒഴുക്കുവല (ഗില്‍നെറ്റ്), ചൂണ്ടല്‍, ബാഗ്‌നെറ്റ് തുടങ്ങിയവ ഉപയോഗിച്ച് ദിവസങ്ങളോളം കടലില്‍തന്നെ കഴിഞ്ഞുകൂടി മത്സ്യബന്ധനം നടത്തുന്നവരും 12 നോട്ടിക്കല്‍ മൈലിനപ്പുറം 50 ഉം 75 ഉം നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നിത്യേന എന്നോണം മത്സ്യബന്ധനം നടത്തുന്ന ഇന്‍ബോര്‍ഡ് വള്ളങ്ങള്‍, മെക്കനൈസേഷന്‍ ബോട്ടുകള്‍, ചെറുകിട വള്ളങ്ങള്‍ തുടങ്ങിയവ സംസ്ഥാനങ്ങളുടെ മാത്രം രജിസ്‌ട്രേഷന്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് തരത്തില്‍ കടലിനെ വിഭജിക്കുന്നത് പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ മത്സ്യബന്ധനത്തെയാണ് കാര്യമായി ബാധിക്കുന്നത്.

സംസ്ഥാന സര്‍ക്കാരുകളുടെ രജിസ്‌ട്രേഷനുകള്‍ക്കുള്ള നിബന്ധനകളല്ല കേന്ദ്ര സര്‍ക്കാരിന്റെ രജിസ്‌ട്രേഷനുകള്‍ക്കുള്ള നിബന്ധനകള്‍. അത് മര്‍ച്ചന്റ് ഷിപ്പിങ് നിയമത്തിന്റെ പരിധിയിലാണ് വരിക. ഒരിക്കലും പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് സാധ്യമല്ലാത്ത വിധമാണ് മര്‍ച്ചന്റ് ഷിപ്പിങ് നിയമത്തിലെ നിബന്ധനകള്‍. മാത്രമല്ല നിര്‍ദിഷ്ട കേന്ദ്ര മത്സ്യബന്ധന നിയന്ത്രണ ബില്‍ പ്രകാരമുള്ള നിയമനടപടികള്‍ അതിലേറെ ഗുരുതരമാണ്. ഈ നിയമത്തിന്റെ പേരില്‍ കടലില്‍ നിന്ന് മത്സ്യബന്ധന ഉപകരണങ്ങളെയും തൊഴിലാളികളെയും പിടിക്കപ്പെട്ടാല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുമ്പാകെയാണ് ഹാജരാക്കപ്പെടേണ്ടത്. ജാമ്യമില്ലാവകുപ്പുകൂടി ഇതിലുണ്ട്. പാവപ്പെട്ട മത്സ്യതൊഴിലാളികള്‍ ജയിലടക്കപ്പെടുന്ന സാഹചര്യം ഇതിമൂലം സൃഷ്ടിക്കപ്പെടുന്നു. ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതികളില്‍ കേസ് തീര്‍പ്പാക്കാന്‍ വര്‍ഷങ്ങളോളമാണ് വേണ്ടിവരുക.

ഈ കാലമത്രയും പിടിക്കപ്പെട്ട മത്സ്യബന്ധന ഉപകരണങ്ങളായ ലക്ഷക്കണക്കിന് രൂപ വിലവരുന്ന വള്ളങ്ങളും ബോട്ടുകളും എഞ്ചിനുകളും വലകളും യാനങ്ങളും മറൈന്‍ പൊലീസ്‌സ്റ്റേഷനുകളുടെ വളപ്പില്‍ നശിക്കുന്ന അവസ്ഥയായിരിക്കും ഇതുമൂലം ഉണ്ടാവുക. പൊലീസ്‌സ്റ്റേഷന്‍ വളപ്പുകളില്‍ പിടിക്കപ്പെട്ട മോട്ടോര്‍ വാഹനങ്ങള്‍ കുന്നുകൂടി കിടക്കുന്നതുപോലെയുള്ള ദുരവസ്ഥ കേന്ദ്ര മത്സ്യബന്ധന നിയന്ത്രണ ബില്‍ മുഖേന ഉണ്ടാവാന്‍ പോകുന്നു.

കേരള മറൈന്‍ ഫിഷറീസ് റഗുലേഷന്‍ ആക്ട് (കെ.എം.എഫ്.ആര്‍ ആക്ട്) പ്രകാരമാണ് കടല്‍ നിയമങ്ങള്‍ സംബന്ധിച്ച് ഇപ്പോള്‍ നടപടികള്‍ സ്വീകരിച്ചുവരുന്നത്. കെ.എം.എഫ്.ആര്‍. ആക്ട് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് ഫിഷറീസ് വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍മാരാണ്. നിയമം ലംഘിക്കപ്പെടുന്നവരെ കോസ്റ്റ് ഗാര്‍ഡോ, മറൈന്‍ പൊലീസോ പിടിക്കപ്പെട്ടാല്‍ ജില്ലകളിലുള്ള ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ മുമ്പാകെ അതേദിവസം തന്നെ ഹാജരാക്കി നിയമ നടപടികള്‍ പൂര്‍ത്തിയാക്കി കുറ്റം ചെയ്തതായി തെളിയിക്കപ്പെട്ടാല്‍ കെ.എം.എഫ്.ആര്‍. ആക്ട് പ്രകാരമുള്ള പിഴ അടപ്പിച്ച് മത്സ്യ ബന്ധന ഉപകരണങ്ങള്‍ അന്നുതന്നെ വിട്ടുകൊടുക്കുന്ന സംവിധാനമാണ് ഇപ്പോഴുള്ളത്.

നിര്‍ദ്ദിഷ്ട കേന്ദ്രബില്‍ നിയമമായാല്‍ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ മത്സ്യബന്ധനം നടത്താന്‍ സാധ്യമല്ലാതെ വരും. സംസ്ഥാന സര്‍ക്കാരിന്റെ രജിസ്‌ട്രേഷന്‍ മാത്രം എടുക്കാന്‍ സാധിക്കുന്നവര്‍ 12 നോട്ടിക്കല്‍ മൈല്‍ (22.22 കി.മീ) അപ്പുറം കടലിന്റെ ഒഴുക്കില്‍പ്പെട്ടും മത്സ്യക്കൂട്ടത്തിന്റെ ഗതിക്കനുസരിച്ചും സ്വാഭാവികമായും കടലിലെത്തും. ഇത് നിര്‍ദ്ദിഷ്ട കേന്ദ്ര ബില്ല് പ്രകാരമുള്ള നിയമത്തിന് കുറ്റകരമാണ്. കോസ്റ്റ് ഗാര്‍ഡ് പൊലീസ് പിടിക്കപ്പെടാനും തൊഴിലാളികള്‍ക്ക് ജയില്‍ ശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്.

ഇത്രമാത്രം ക്രൂരത കടലിന്റെ മക്കളായ പരമ്പരാഗത മത്സ്യതൊഴിലാളികളോട് കാണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകരുത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട മത്സ്യബന്ധന നിയന്ത്രണ ബില്ലിന്റെ പരിധിയില്‍നിന്നും സംസ്ഥാനങ്ങളിലെ മത്സ്യതൊഴിലാളികളെ ഒഴിവാക്കുന്നതിന് തീരദേശ സംസ്ഥാനങ്ങളിലെ പാര്‍ലമെന്റ് മെമ്പര്‍മാരും സംസ്ഥാന സര്‍ക്കാരുകളും ശക്തമായി ഇടപെടലുകള്‍ നടത്തുകയും ചെയ്യേണ്ടതുണ്ട്.
(മത്സ്യതൊഴിലാളി ഫെഡറേഷന്‍-എസ്.ടി.യു സംസ്ഥാന പ്രസിഡണ്ടാണ് ലേഖകന്‍)

Test User: