പി.എം.എ സമീര്‍
വരാനിരിക്കുന്നത് തെരഞ്ഞെടുപ്പുകളുടെ കാലമാണ്. 5 നിയമസഭകളിലേക്കും പിന്നീട് 2024ലെ ലോക്സഭാതെരഞ്ഞെടുപ്പിലേക്കും ഇന്ത്യന്‍ജനത വിധിയെഴുതാന്‍ പോകുന്ന നിര്‍ണായകരാഷ്ട്രീയഘട്ടം. ജനത്തെ എവ്വിധം സ്വാധീനിക്കാമെന്നതിലാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച 2023-2024 വര്‍ഷത്തേക്കുള്ള കേന്ദ്രബജറ്റ് ലക്ഷ്യമിടുന്നത്. കേന്ദ്രസര്‍ക്കാറിന്റെ ഈ ഭരണകാലയളവിലെ അവസാനസമ്പൂര്‍ണ ബജറ്റാണ് ബുധനാഴ്ച അവതരിപ്പിച്ചത്. കാലാവധി പൂര്‍ത്തിയാക്കുന്ന ജനവിരുദ്ധഭരണകൂടത്തിന്റെ ബജറ്റവതരണം കേവലം കണ്‍കെട്ടുവിദ്യ മാത്രമായി വീണ്ടും പരിണമിച്ചു. നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും അടുത്തവര്‍ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടുള്ള വാഗ്ദാന പ്രസംഗമായി രാജ്യത്തിന്റെ ബജറ്റവതരണം മാറുന്നത് സമ്പദ്ഘടനയുടെ അടിത്തറ ഇളക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ലോകം വീണ്ടുമൊരു സാമ്പത്തികമാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന നിരീക്ഷണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദീര്‍ഘവീക്ഷണമില്ലാത്തതും സാമ്പത്തിക ഭദ്രതകൈവരിക്കാനുതകുന്ന ആസൂത്രണങ്ങള്‍ മുന്നോട്ട് വെക്കാത്തതുമായ ബജറ്റ് രാജ്യത്തിന്റെ ഭാവിയില്‍ കരിനിഴല്‍ വീഴ്ത്തുന്നത് കാണാനാവും.ധനാഗമന മാര്‍ഗ്ഗങ്ങള്‍ ഒന്നും വിശദീകരിക്കാതെ ജനങ്ങളെ കബളിപ്പിക്കാമെന്ന ധാരണയാണ് ബജറ്റിലൂടെ കേന്ദ്രം ലക്ഷ്യമിട്ടിരിക്കുന്നത്.
സംസ്ഥാനങ്ങളെ അവഗണിച്ച് ഫെഡറല്‍സംവിധാനത്തെ ദുര്‍ബലപെടുത്തുന്ന കേന്ദ്രനയം ഈ ബജറ്റിലും കാണാനാവും. ജി എസ് ടി ഘടന നിലവില്‍ വന്നതു കാരണവും വായ്പാ പരിധികള്‍ പുതുക്കി നിശ്ചയിച്ചതു കാരണവും സംസ്ഥാനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. അത് പരിഹരിക്കാനുള്ള ഒരു നിര്‍ദേശവും ബജറ്റിലില്ല. ഭരണപക്ഷത്തിന് രാഷ്ട്രീയ സ്വാധീനം കുറഞ്ഞ സംസ്ഥാനങ്ങളെ പൂര്‍ണമായും അവഗണിച്ചു. നിലവില്‍ ബി ജെ പി ഭരിക്കുന്ന കര്‍ണ്ണാടകയ്ക്കും ഗുജറാത്തിനും ബജറ്റില്‍ വലിയ തുകകകള്‍ വകയിരുത്തി നല്‍കുകയും ചെയ്തിട്ടുണ്ട്. കേരളത്തെ ബജറ്റില്‍ പാടേ അവഗണിച്ചു. എയിംസിനു വേണ്ടിയുള്ള കാത്തിരിപ്പിന് ഈ ബജറ്റിലും പരിഹാരമുണ്ടായില്ല. സംസ്ഥാന സര്‍ക്കാര്‍ ബജറ്റിനുമുമ്പ് അത്തരമൊരു പദ്ധതിക്കുവേണ്ടി എത്രത്തോളം സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട് എന്നതും പരിശോദിക്കപ്പെടേണ്ടതാണ്. കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങളോടൊപ്പം ചേര്‍ന്ന് നടത്തേണ്ട ഇത്തരം ശ്രമങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാരിന്റെ താല്പര്യക്കുറവുകള്‍ പലപ്പോഴും വിലങ്ങുതടിയാവുന്നു.
ജനകോടികള്‍ നിത്യദാരിദ്ര്യത്തിലുള്ള ഒരു രാജ്യത്തിനുണ്ടാവേണ്ടത് നല്ല ജനക്ഷേമപദ്ധതികളാണ്. ചൊവ്വാഴ്ച പുറത്തുവന്ന സാമ്പത്തിക സര്‍വ്വേ പ്രകാരം കൊവിഡിനു ശേഷം നികുതിവരുമാനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. ജി എസ് ടി വരുമാനവും അസംസ്‌കൃത എണ്ണ ഇറക്കുമതി വരുമാനവും മറ്റുനികുതി വരുമാനങ്ങളും ഖജനാവിലേക്ക് മുതല്‍ കൂടിയത് 17.80 ലക്ഷം കോടിയിലധികം രൂപയാണ്. എന്നാല്‍ ഈ ബജറ്റില്‍ ജനങ്ങളുടെ ഭക്ഷ്യ സബ്‌സിഡി 2.8 ലക്ഷം കോടിയില്‍ നിന്ന് 1.97 ലേക്ക് വെട്ടിക്കുറച്ചു. രൂക്ഷമായ തൊഴിലില്ലായ്മയെ പരിഹരിക്കാന്‍ ഒരു പദ്ധതിയും നിര്‍ദ്ദേശിക്കപെട്ടിട്ടില്ല. മാത്രവുമല്ല മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വിഹിതം ഒരു ലക്ഷം കോടിയില്‍ നിന്ന് അറുപതിനായിരംകോടിയായി കുറച്ചു. കഴിഞ്ഞ വര്‍ഷത്തെ കണക്കുപ്രകാരം 100 ദിവസം തൊഴില്‍ നല്‍കണമെങ്കില്‍ 2.72 ലക്ഷം കോടി രൂപയെങ്കിലും വേണ്ടിവരും. ആവശ്യമുള്ളതിന്റെ മൂന്നിലൊന്ന് പോലും വകയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തായ്യാറായിട്ടില്ല. അടിസ്ഥാന ജനതയോടുള്ള ഭരണകൂടത്തിന്റെ സമീപനം പഴയതുപോലെ തുടരുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത് . അതേസമയം കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ള നടത്താനുള്ള പറുദീസയായി ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് വിലയിരുത്തപെട്ടതിന്റെ പിറ്റേദിവസമാണ് ബജറ്റ് അവതരണം നടന്നിട്ടുള്ളത്. ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം മോദി സര്‍ക്കാറിന്റെ ഒത്താശയോടെ അദാനി ഓഹരികളില്‍ നടന്ന മൂല്യപെരുപ്പിക്കല്‍ വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലുള്ള വിശ്വാസം തകര്‍ത്തു കൊണ്ടിരിക്കുന്നു. ഇതിന്റെ ആഘാതം വരും ദിവസങ്ങളില്‍ കണ്ടറിയേണ്ടതുണ്ട്. നിലവില്‍ സാമൂഹിക സാമ്പത്തിക അസമത്വത്തില്‍ വളരെ മുന്നിലുള്ള രാജ്യം, ഇനിയും ദാരിദ്ര്യത്തിലേക്കും തൊഴില്‍ രാഹിത്യത്തിലേക്കും കൂപ്പുകുത്താന്‍ അധികസമയം വേണ്ടി വരില്ലെന്ന മുന്നറിയിപ്പാണ് സാമ്പത്തിക വിദഗ്ദര്‍ നല്‍കുന്നത്.
രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് എന്നത്തേയും പോലെ നിരാശാജനകമാണ് ഇത്തവണത്തെയും ബജറ്റ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ നിര്‍ത്തലാക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമം തുടരുകയാണ്. ന്യൂനപക്ഷ ക്ഷേമപദ്ധതി വിഹിതത്തില്‍ 1900 കോടിയിലധികം തുകയാണ് വെട്ടിക്കുറച്ചത്. അതേസമയം മധ്യവര്‍ഗത്തിനെ കബളിപ്പിച്ച് രാഷ്ട്രീയ നേട്ടം കൈവരിക്കാനുള്ള തന്ത്രങ്ങളാണ് ബജറ്റില്‍ മുഴച്ചു നില്‍ക്കുന്നത്. ആദായ നികുതിയിളവുകള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് ആര്‍ക്കുമറിയാം. എന്നാല്‍ അതിന്റെ പ്രയോജനം ആര്‍ക്കൊക്കെ ലഭിക്കുമെന്ന് ഇനിയും വ്യക്തത വരേണ്ടതുണ്ട്. കഴിഞ്ഞ ബജറ്റുകളിലെ വാഗ്ദാനങ്ങള്‍ക്ക് എന്ത് സംഭവിച്ചിരിക്കുന്നുവെന്ന് സാമ്പത്തിക സര്‍വ്വേയിലെ സ്ഥിതി വിവരകണക്കുകള്‍ തുറന്നു കാണിക്കുന്നുണ്ട്. അകം പൊള്ളയായ ഊതിവീര്‍പ്പിച്ച വാഗ്ദാനങ്ങളെ രാജ്യം തിരിച്ചറിയുക തന്നെ ചെയ്യും.