കോവിഡ് ഏല്‍പ്പിച്ച കെടുതികളില്‍ നിന്നും കര കയറുന്നതിന് വലിയ സഹായം പ്രതീക്ഷിച്ചിരുന്ന പ്രവാസികളെ കുറിച്ച് ഒരു വാക്കുപോലും മിണ്ടാതെ കേന്ദ്ര ബജറ്റ് അവരെ ക്രൂരമായി അപമാനിച്ചിരിക്കുകയാണെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
പ്രവാസികളുടെ പേരില്‍ ഏറ്റവുമധികം ലോക യാത്രചെയ്ത പ്രധാനമന്ത്രിയുടെ യഥാര്‍ത്ഥ മുഖമാണ് ബജറ്റ് തുറന്നുകാട്ടിയിരിക്കുന്നത്. ആഗോള തൊഴില്‍ വിപണി പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ഒരു കച്ചിതുരുമ്പ്‌പെങ്കിലും പ്രവാസികള്‍ക്ക് നല്‍കാന്‍ സാധിക്കാത്ത കേന്ദ്ര നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
ക്ഷേമ നടപടികള്‍ ഉണ്ടായില്ലെന്ന് മാത്രമല്ല പ്രവാസി ദ്രോഹ നടപടികള്‍ തുടരുകയും ചെയ്തുവെന്നത് അപലപനീയമാണ്. നാട്ടില്‍ 120 ദിവസത്തില്‍ കൂടുതല്‍ തങ്ങുന്ന വരുടെ എന്‍ആര്‍ഐ സ്റ്റാറ്റസ് നഷ്ടപ്പെടുത്തുമെന്ന 2020 ബജറ്റിലെ നിര്‍ദ്ദേശം ഈ ബജറ്റില്‍ പൂര്‍ണ്ണമായി ഒഴിവാക്കുമെന്ന് ആയിരുന്നു പ്രവാസികളുടെ പ്രതീക്ഷ എന്നാല്‍ അതുപോലും ഉണ്ടായിട്ടില്ല. കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് വലിയ ആഘാതമാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്.
തൊഴില്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസ ത്തെക്കുറിച്ച് ബഡ്ജറ്റ് പൂര്‍ണമായി മൗനം പാലിച്ചിരിക്കുന്നു.വിവിധ ലോകരാജ്യങ്ങളില്‍ നിന്നും പ്രവാസി സമൂഹം ആര്‍ജിച്ച വലിയ അനുഭവസമ്പത്ത് നാടിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തുവാന്‍ ഉള്ള അവസരം കൂടിയാണ് കേന്ദ്രസര്‍ക്കാര്‍ നഷ്ടപ്പെടുത്തി ഇരിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ക്ക് പകരം വാചകക്കസര്‍ത്തില്‍ വിശ്വസിക്കുന്ന കേന്ദ്ര സമീപനം ഒരിക്കല്‍ കൂടി ജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കുവാന്‍ മാത്രമാണ് കേന്ദ്രബജറ്റ് പ്രയോജനപ്പെട്ടത്.തങ്ങളുടെ ഇഷ്ടത്തോഴന്മാരായ കുത്തകകളെ എന്തുവിലകൊടുത്തും സംരക്ഷിക്കുന്നതിനുള്ള നെട്ടോട്ടത്തിനിടയില്‍ രാജ്യത്തിന്റെ നട്ടെല്ലായ ജനവിഭാഗങ്ങള്‍ പൂര്‍ണ്ണമായി വിസ്മൃതിയില്‍ ആയിരിക്കുന്നുവെന്നും പി. ശ്രീരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.