4276 കോടി രൂപയുടെ ആയുധ സംഭരണത്തിന് അനുമതി നല്‍കി പ്രതിരോധ മന്ത്രാലയം. ചൊവ്വാഴ്ചയാണ് അംഗീകാരം നല്‍കിയത്. ചൈനയുമായുള്ള തുടരുന്ന നിയന്ത്രണ രേഖയിലെ (എല്‍എസി) സായുധ സേനയുടെ പോരാട്ട ശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലാണ്(ഡിഎസി) അനുമതി നല്‍കിയത്.
‘അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുമായി (എഎല്‍എച്ച്) സംയോജിപ്പിക്കുന്ന ഹെലിന ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകള്‍, ലോഞ്ചറുകള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയുടെ സംഭരണത്തിനായി ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ എഒഎന്‍ (അക്‌സെപ്റ്റന്‍സ് ഓഫ് നെസെസിറ്റി) അംഗീകരിച്ചു. ഈ മിസൈല്‍ ശത്രു ഭീഷണികളെ ചെറുക്കുന്നതിനുള്ള എഎല്‍എച്ചിന്റെ ആയുധവല്‍ക്കരണത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ഇതിലൂടെ ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണ ശേഷി ശക്തിപ്പെടും’ പ്രതിരോധമന്ത്രാലയം പറഞ്ഞു.