X

ഇടപെടാതെ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍; തീ കോരിയിട്ട് എണ്ണക്കമ്പനികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് ജനം വിലക്കയറ്റം കൊണ്ട് പൊരുതി മുട്ടുന്നതിനിടെ തീകോരിയിട്ട് ഇന്ധനവില വര്‍ധന തുടരുന്നു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് കൂട്ടിയത്.നിലവില്‍ കൊച്ചിയില്‍ പെട്രോളിന് 114.20 രൂപയും ഡീസലിന് 101.11 രൂപയുമായി, തിരുവനന്തപുരത്ത് പെട്രോളിന് 117.32 രൂപയും ഡീസലിന് 103.10 രൂപ, കോഴിക്കോട് പെട്രോള്‍ 114.49, ഡീസല്‍ 101.42 എന്നിങ്ങനെയാണ് വില.

കഴിഞ്ഞ 16 ദിവസത്തിനിടെ പെട്രോളിന് 10.01 രൂപയും ഡീസലിന് 9.67 രൂപയുമാണ് വില കൂട്ടിയത്. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയരുകയാണ്. ഇന്ധന വിലയുടെ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുകയും നിയമസഭാ തിരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തില്‍ നവംബര്‍ നാല് മുതല്‍ വില വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഈ കാലയളവില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 28.4 ഡോളറാണ് വര്‍ധിച്ചത്. യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ഇന്ധനവില വര്‍ധനവ് പതിവാകുകയാണ്. തുടര്‍ച്ചയായ 16ാം ദിവസമാണ് രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. ഇന്ധന വില വര്‍ധനവ് പതിവായതോടെ നിത്യോപയോഗ സാധനങ്ങളുടെയടക്കം വില കുത്തനെ ഉയരുകയാണ്.

പെട്രോളിനും ഡീസലിനും ഒപ്പം പാചക വാതകം, മണ്ണെണ്ണ, സി.എന്‍.ജി എന്നിവയുടെ വില കൂടി വര്‍ധിപ്പിച്ചതോടെ ജനത്തെ വിലക്കയറ്റം വരിഞ്ഞു മുറുക്കിയിരിക്കുകയാണ്. ഇന്ധന വില ജനത്തെ ഊറ്റിയെടുക്കുമ്പോഴും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനുള്ള യാതൊരു നടപടിയും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ കൈക്കൊള്ളുന്നില്ലെന്നതും ശ്രദ്ധേയമാണ്.

കേന്ദ്രസര്‍ക്കാറും കേരള സര്‍ക്കാറും ഇക്കാര്യത്തില്‍ ജനങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ധനവില കേന്ദ്രം കൂട്ടാതിരിക്കുകയാണ് വേണ്ടത്. വില കൂട്ടിയിട്ട് സംസ്ഥാനം നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ല. കേന്ദ്രവിഹിതം 17,000 കോടി കുറയുന്ന സാഹചര്യത്തില്‍ അധികവരുമാനം വേണ്ടെന്ന് വയ്ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. ഇന്ധനവില അനിയന്ത്രിതമായി കുതിച്ചുയരുമ്പോഴും സംസ്ഥാന നികുതി കുറച്ച് ജനത്തിന് ആശ്വാസം പകര്‍ന്ന മുന്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ പാത പിന്തുടരാതെ കേന്ദ്രത്തെ പഴിച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഒരു ഡോളറിന്റെ വര്‍ധനവ് വരുമ്പോള്‍ പെട്രോള്‍. ഡീസല്‍ വിലയില്‍ ലിറ്ററിന് 0.52 പൈസ മുതല്‍ 0.60 പൈസ വരെയാണ് എണ്ണക്കമ്പനികള്‍ ഉയര്‍ത്തുന്നത്. നിലവില്‍ ക്രൂഡ് ഓയില്‍ ബാരലിന് 108.90 ഡോളറാണ് വില. ഇത് സൂചിപ്പിക്കുന്നത് പെട്രോള്‍. ഡീസല്‍ വിലയില്‍ ഇനിയും 5.50 രൂപ മുതല്‍ 7.80 രൂപയുടെ വരെ വര്‍ധനവ് ഉണ്ടാകുമെന്നാണ്.

Test User: