മണിപ്പൂര്‍ ജനതയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ കേന്ദ്രവും സംസ്ഥാനഭരണകൂടവും പരാജയപ്പെട്ടെന്ന് മണിപ്പൂര്‍ ബി.ജെ.പി മുഖ്യമന്ത്രി ബിരേന് സിങ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണിപ്പൂരില്‍ ബി.ജെ.പിക്കുണ്ടായ പരാജയത്തെക്കുറിച്ച് ഇന്ത്യന്‍ എക്‌സ്‌പ്രെസ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുഭരണകൂടങ്ങളോടും ജനങ്ങള്‍ക്കുള്ള അസംതൃപ്തിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ രണ്ട് സീറ്റുകളിലും ബി.ജെ.പിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് വിജയിച്ചിരുന്നു. ഇന്നര്‍ മണിപ്പൂര്‍ ജെ.എന്‍.യുവിലെ പ്രൊഫസര്‍ ആയ ആഗോംച്ച ബിമോല്‍, ഔട്ടര്‍ മണിപ്പൂരില്‍ ആല്‍ഫ്രഡ് കണ്‍ഗം ആര്‍തര്‍ എന്നിവരായിരുന്നു വിജയിച്ചത്. ബി.ജെ.പിയുടെ ശക്തി കേന്ദ്രമായ നാഗ വിഭാഗത്തിനിടയില്‍ നിന്നാണ് ആല്‍ഫ്രഡ് വിജയിച്ചത്.
‘ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം ചൂണ്ടിക്കാണിക്കുന്നത് ജനങ്ങള്‍ക്ക് സര്‍ക്കാരിനോടുള്ള അസംതൃപ്തിയാണ്. ഇനിയുള്ള സമയം എന്നത് മണിപ്പൂരിലെ ജനതക്ക് വേണ്ടി കൂടുതല്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കാനുള്ള സമയമാണ്. അവര്‍ക്ക് വേണ്ടി ഞാന്‍ നിലകൊള്ളും.’ അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ ഫലം ബി.ജെ.പി സര്‍ക്കാരിനെതിരെയുള്ള മറുപടിയായി കാണുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ജനങ്ങള്‍ അവരുടെ അമര്‍ഷം പുറത്തു കാണിച്ചെന്ന് അദ്ദേഹം ഉത്തരം നല്‍കി.
‘ഈ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ എല്ലാ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുന്നു. ഞങ്ങളുടെ പാര്‍ട്ടിക്കോ സര്‍ക്കാരിനോ മണിപ്പൂരില്‍ വേണ്ടവിധം പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല. ജനങ്ങള്‍ ആഗ്രഹിച്ച നിലവാരം പുലര്‍ത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല എന്നത് തന്നെയാണ് വാസ്തവം,’ അദ്ദേഹം പറഞ്ഞു.
മണിപ്പൂരില്‍ നടന്ന കലാപത്തില്‍ വേണ്ടവിധം തീരുമാനങ്ങളെടുക്കാനോ കലാപം തടയാനോ സംസ്ഥാന സര്‍ക്കാരിനോ കേന്ദ്രസര്‍ക്കാരിനോ സാധിച്ചിരുന്നില്ല എന്നത് ജനങ്ങളില്‍ വലിയ തോതില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം ഉണര്‍ത്തുന്നതിന് കാരണമായി.
ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ വേളയില്‍ പുതിയ സര്‍ക്കാര്‍ മണിപ്പൂര്‍ വിഷയത്തെ കുറച്ചുകൂടി ഗൗരവമായി കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ‘മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാനായി പുതിയ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. തീര്‍ച്ചയായും വലിയ പരിഗണന ലഭിക്കേണ്ട വിഷയമാണിത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണിപ്പൂര്‍ കലാപത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ കഴിഞ്ഞത്. 2023 മെയ് മാസമായിരുന്നു മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. നിരവധി ആളുകള്‍ കൊല്ലപ്പെടുകയും സ്ത്രീകള്‍ ബലാത്സഗത്തിനിരയാവുകയും ചെയ്തിരുന്നു.