ഡല്‍ഹി: ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ വാഹനവ്യൂഹം പശ്ചിമബംഗാളില്‍ അക്രമിക്കപ്പെട്ടതിന് പിന്നാലെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കം കൂടുതല്‍ വഷളാകുന്ന നിലയിലേക്ക്. ബംഗാള്‍ ചീഫ് സെക്രട്ടറിയേയും പൊലീസ് മേധാവിയേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം രണ്ടാം തവണയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ഉദ്യോഗസ്ഥരെ ഡല്‍ഹിയിലേക്കയക്കാന്‍ വിസമ്മതിച്ച മമത വേണമെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്താന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
ഇന്ന് വൈകീട്ട് 5.30 നടക്കുന്ന യോഗത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയോടും പോലീസ് മേധാവിയോടും ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് ആഭ്യന്തര സെക്രട്ടറി ബംഗാള്‍ സര്‍ക്കാരിന് ബുധനാഴ്ച വൈകീട്ട് കത്തെഴുതിയത്.
കോവിഡ് പശ്ചാത്തലത്തില്‍ നേരിട്ട് ഹാജരാനാവില്ലെന്ന് അറിയിച്ച ബംഗാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കാമെന്ന് മറുപടി നല്‍കി. അതേസമയം മമത സര്‍ക്കാരിന്റെ മറുപടിയോട് കേന്ദ്രം പ്രതികരിച്ചിട്ടില്ല.
നഡ്ഡയുടെ വാഹനവ്യൂഹം അക്രമിക്കപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥരോട് ഡല്‍ഹിയിലെത്താന്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നിരസിക്കുകയായിരുന്നു.