രാജ്യത്തെ കുട്ടികള്‍ക്കായുള്ള പിഎം കെയര്‍ പദ്ധതിയിലേക്ക് ലഭിച്ച 51% അപേക്ഷകളും തള്ളിയതായി റിപ്പോര്‍ട്ട്. കൊവിഡ് കാലത്ത് മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരായ കുട്ടികള്‍ക്ക് വേണ്ടി തുടങ്ങിയതാണ് ഈ പദ്ധതി. കൊവിഡ് മൂര്‍ധന്യത്തില്‍ നില്‍ക്കെയാണ് രാജ്യത്ത് 2021 മെയ് 29 ന് കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് രൂപം നല്‍കിയത്.
നിയമാനുസൃതമുള്ള രക്ഷിതാവിനെയോ വളര്‍ത്തുന്ന രക്ഷിതാക്കളെയോ യഥാര്‍ത്ഥ മാതാപിതാക്കളെയോ 2020 മാര്‍ച്ച് 11 നും 2023 മെയ് അഞ്ചിനും ഇടയില്‍ നഷ്ടമായവര്‍ക്ക് വേണ്ടിയുള്ളതായിരുന്നു പരാതി. രാജ്യത്തെ 33 സംസ്ഥാനങ്ങളിലെ 613 ജില്ലകളില്‍ നിന്നായി 9331 അപേക്ഷകളാണ് കേന്ദ്രത്തിന് ലഭിച്ചത്. എന്നാല്‍ 32 സംസ്ഥാനങ്ങളിലെ 558 ജില്ലകളില്‍ നിന്നുള്ള 4532 അപേക്ഷകള്‍ മാത്രമാണ് കേന്ദ്രം അംഗീകരിച്ചത്.
ഇതുവരെ 4781 അപേക്ഷകള്‍ കേന്ദ്രം തള്ളി. 18 അപേക്ഷകള്‍ ഇപ്പോഴും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയമാണ് ഇതിന്റെ കണക്കുകള്‍ പുറത്തുവിട്ടത്. എന്നാല്‍ അപേക്ഷകള്‍ നിരാകരിക്കാന്‍ വ്യക്തമായ കാരണങ്ങളൊന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുമില്ല.
രാജസ്ഥാന്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ അപേക്ഷകള്‍ എത്തിയത്. യഥാക്രമം 1553, 1511 , 1007 അപേക്ഷകളാണ് ഇവിടെ നിന്ന് ലഭിച്ചത്. എന്നാല്‍ മഹാരാഷ്ട്രയിലെ 855 അപേക്ഷകളും രാജസ്ഥാനിലെ 210 അപേക്ഷകളും ഉത്തര്‍പ്രദേശിലെ 467 അപേക്ഷകളുമാണ് കേന്ദ്രം അംഗീകരിച്ചത്.
അനാഥരാക്കപ്പെട്ട കുട്ടികള്‍ക്ക് തുടര്‍ സംരക്ഷണവും പരിചരണവും ഉറപ്പാക്കുന്നതാണ് ഈ നയം. വിദ്യാഭ്യാസം, ആരോഗ്യ ഇഷുറന്‍സ്, സാമ്പത്തിക സഹായം തുടങ്ങിയവ 23 വയസ് വരെ ഈ പദ്ധതി വഴി അനാഥരാക്കപ്പെട്ട കുട്ടികള്‍ക്ക് കേന്ദ്രം നല്‍കും.