X

ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസത്തിന് സാങ്കേതികവിദ്യ ഒരുക്കുമെന്ന് കേന്ദ്രം; ഇ.ടി. മുഹമ്മദ് ബഷീറിന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്‌

ന്യൂഡല്‍ഹി: ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി ആംഗ്യഭാഷ വികസിപ്പിക്കുന്നതിനും അവര്‍ക്കായുള്ള ശാസ്ത്ര സാങ്കേതിക വിദ്യ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഭിന്ന ശേഷിക്കാരുടെ വിദ്യാഭ്യാസ വികസനം വളരെ പിന്നിലാണെന്നും സൗകര്യങ്ങള്‍ തീര്‍ത്തും അപര്യാപ്തമാണെന്നും ചൂണ്ടിക്കാട്ടിയ മുസ്്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയ്ക്ക് മറുപടി നല്‍കവെയാണ് കേന്ദ്ര മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഭിന്ന ശേഷിക്കാരുടെ വിദ്യാഭ്യാസത്തിന് സൗകര്യങ്ങള്‍ നന്നേ കുറവാണ്. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ആംഗ്യ ഭാഷ ഉപയോഗിക്കുന്നവരുടെ വിദ്യാഭ്യാസ വികസനത്തിനുവേണ്ടി നൂതനമായ സംവിധാനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെങ്കിലും നമ്മള്‍ അതില്‍ വളരെ പിന്നാക്കമാണെന്നും ഇ.ടി ചൂണ്ടിക്കാട്ടി. ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ വികസനത്തിന് അടിയന്തിരമായി വേണ്ട ആംഗ്യ ഭാഷ വികസനം, സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗം എന്നിവ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.തുടര്‍ന്ന് മറുപടി പറഞ്ഞ കേന്ദ്ര മന്ത്രി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി.

Chandrika Web: