ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ നഗരങ്ങളിലായി 10,000 ഇലക്ട്രോണിക് ബസുകള്‍ നിരത്തിലറക്കാന്‍ കേന്ദ്രം. പി.എം ഇബസ് സേവ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിക്ക് ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 57,613 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള വെല്ലുവിളികളെ നേരിടുന്നതിനും നഗരങ്ങളിലെ പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.
മൂന്നു ലക്ഷത്തിനു മുകളില്‍ ജനസംഖ്യയുള്ള എല്ലാ നഗരങ്ങള്‍ക്കും പുതിയ ബസുകള്‍ ലഭിക്കും. കേന്ദ്ര ഭരണ പ്രദേശങ്ങളുടേയും ഹില്‍ സ്റ്റേറ്റുകളുടേയും തലസ്ഥാനങ്ങള്‍ക്കും ബസുകള്‍ അനുവദിക്കുമെന്നും പൊതു സ്വകാര്യ പങ്കാളിത്തത്തിലാണ് പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.