X

ജനന മരണ വിവരങ്ങള്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: ജനനവും മരണവുമായി ബന്ധപ്പെട്ട വിവരം വോട്ടര്‍പ്പട്ടികയുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇതിന് പ്രത്യേക ബില്‍ കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. സെന്‍സസിന് വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ പ്രധാനപങ്കുണ്ടെന്നും ഷാ പറഞ്ഞു.

ഇന്ത്യന്‍ രജിസ്റ്റാര്‍ ജനറലിന്റെയും സെന്‍സസ് കമ്മീഷണറുടെയും പുതിയ ഓഫീസായ ജന്‍ഗാനന ഭവന്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പ്രഖ്യാപനം നടത്തിയത്. പുതിയ പദ്ധതിയിലൂടെ ഒരാള്‍ക്ക് 18 വയസ് തികയുമ്പോള്‍ തന്നെ അയാളുടെ പേര് സ്വയമേവ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുന്നു. അതുപോലെ തന്നെ ഒരാള്‍ മരിക്കുമ്പോള്‍ വിവരം തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പോവുകയും വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു.

1969 ലെ ജനന മരണ രജിസ്‌ട്രേഷന്‍ നിയമം ഭേദഗതി ചെയ്യുന്ന ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, ക്ഷേമപെന്‍ഷനുകള്‍ തുടങ്ങിയവയുടെ വിതരണം അടക്കമുള്ള സംവിധാനങ്ങളും ഇതുമായി ബന്ധിപ്പിക്കും. ജനന മരണ സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ പ്രത്യേകം സംരക്ഷിച്ചാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്യാനാകും. അടിസ്ഥാന വിവരങ്ങള്‍ ലഭ്യമല്ലാത്തതാണ് വികസനം മുന്‍കാലങ്ങളില്‍ മന്ദഗതിയിലാകാന്‍ കാരണമെന്നും അമിത് ഷാ പറഞ്ഞു. ജനന മരണ രജിസ്‌ട്രേഷനുളള വെബ് പോര്‍ട്ടല്‍ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. സെന്‍സിങ് റിപ്പോര്‍ട്ടുകളുടെ ശേഖരം, സെന്‍സസ് റിപ്പോര്‍ട്ടുകളുടെ ഓണ്‍ലൈ ന്‍ വില്‍പ്പന പോര്‍ട്ടല്‍, ജിയോ ഫെന്‍സിങ് സൗകര്യമുളള എസ്ആര്‍എസ് മൊബൈല്‍ ആപ്പിന്റെ നവീകരിച്ച പതിപ്പ് എന്നിവയും പുറത്തിറക്കി.

webdesk11: