ന്യൂഡല്‍ഹി: മതത്തിന്റെ പേരില്‍ ഭിന്നത വളര്‍ത്താനും രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ടും കേന്ദ്ര സര്‍ക്കാര്‍ വീണ്ടും സി.എ.എ പൊടിതട്ടിയെടുക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പൗരത്വ നിയമഭേദഗതി നടപ്പാക്കാന്‍ കേന്ദ്രം നീക്കം തുടങ്ങി. 2019ലെ പൗരത്വ ഭേദഗതി നിയമത്തിന് കീഴിലുള്ള യോഗ്യതാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളടങ്ങിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്നാണ് വിവരം. ചട്ടങ്ങളും വൈകാതെ പുറത്തിറക്കും. 2019ലാണ് പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയത്. എന്നാല്‍ വ്യാപക എതിര്‍പ്പ് ഉയര്‍ന്നതോടെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാതെ നിയമം നടപ്പാക്കുന്നത് കേന്ദ്രം നീട്ടിക്കൊണ്ടുപോവുകയായിരുന്നു. നിരവധി തവണ നിയമ മന്ത്രാലയം ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാനുള്ള സമയ പരിധി പാര്‍ലമെന്റിനോട് നീട്ടി ചോദിച്ചിരുന്നു, കോവിഡ് പ്രതിസന്ധിയുള്‍പ്പടെ വന്നതോടെ സര്‍ക്കാര്‍ മെല്ലെപ്പോക്കിലായി. എന്നാല്‍ ജാതിസെന്‍സസ് ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയത് തിരഞ്ഞെടുപ്പ് രംഗത്ത് തിരിച്ചടിയാകുമെന്ന് കണ്ടതോടെയാണ് കേന്ദ്ര സക്കാര്‍ സി.എ.എ പൊടിതട്ടിയെടുക്കുന്നതെന്നാണ് വിവരം.
മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധങ്ങള്‍. സര്‍ക്കാര്‍ നീക്കം ചോദ്യം ചെയ്തുള്ള നിരവധി ഹര്‍ജികളും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രനീക്കത്തിനെതിരെ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഈ സാഹര്യത്തിലാണ് സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലില്ലാതെ തന്നെ യോഗ്യരായ വ്യക്തികളെ പൗരത്വത്തിന് അപേക്ഷിക്കാന്‍ അനുവദിക്കുന്ന തരത്തിലാണ് പോര്‍ട്ടല്‍ സജ്ജമാക്കുന്നത്. വിസ അനുവദിക്കുന്ന രീതികളിലെ അഴിമതി തടയുക കൂടിയാണ് പോര്‍ട്ടലിന്റെ ലക്ഷ്യമെന്ന് കേന്ദ്രം അവകാശപ്പെടുന്നു.
ന്യൂനപക്ഷമായതിന്റെ പേരില്‍ അയല്‍ രാജ്യങ്ങളായ അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ് , ബുദ്ധ, ജൈന , പാര്‍സി, ക്രിസ്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പൗരത്വ നിയമ ഭേദഗതി(സി.എ.എ). 2014 ഡിസംബറിന് മുന്‍പ് രാജ്യത്തേക്ക് കുടിയേറിയവര്‍ക്കാണ് ഇളവ്. എന്നാല്‍ മുസ്‌ലിംകളെ മാത്രം പൗരത്വം അനുവദിക്കുന്നതിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയാണ് കേന്ദ്രത്തിന്റെ കൊടിയ വിവേചനം.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സി.എ.എ പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് കേന്ദ്ര നീക്കം. ഉന്നത തലങ്ങളില്‍ നിരവധി തവണ ചര്‍ച്ചകളും അനുബന്ധ അവതരണങ്ങളും നടന്നുകഴിഞ്ഞു. പശ്ചിമ ബംഗാള്‍, കേരളം, പഞ്ചാബ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, ബിഹാര്‍ എന്നിവയുള്‍പ്പെടെ നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ സി.എ.എക്കെതിരെ നിയമസഭകളില്‍ പ്രമേയം പാസാക്കിയിരുന്നു.