X
    Categories: indiaNews

പോപ്പുലര്‍ ഫ്രണ്ടിനെ യു.എ.പി.എ പ്രകാരം നിരോധിക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സിയും ഇ.ഡിയും 15 സംസ്ഥാനങ്ങളിലായി ഈ മാസം 22ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ നടത്തിയ റെയ്ഡിലെ കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ യു.എ.പി. എ പ്രകാരം സംഘടനയെ നിരോധിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശ്രമം തുടങ്ങി.

1967ലെ യു.എ.പി.എ നിയമത്തിലെ 35-ാം വകുപ്പ് പ്രകാരം നിരോധിക്കപ്പെട്ട സംഘടനകളുടെ പട്ടികയിലാകും സംഘടനയെ ഉള്‍പ്പെടുത്തുക. ഇതിന് മുന്നോടിയായി മന്ത്രാലയം നിയമോപദേശം തേടി. നിരോധനത്തെ പിഎഫ്‌ഐ കോടതിയില്‍ വെല്ലുവിളിക്കാനുള്ള സാധ്യതയുണ്ട്. 2008ല്‍ സിമിയുടെ നിരോധനം പിന്‍വലിക്കേണ്ടി വന്ന സാഹചര്യം മന്ത്രാലയം പരിശോധിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് സിമി വീണ്ടും നിരോധിക്കപ്പെട്ടു. യു.എ.പി.എ നിയമത്തിലെ 35-ാം വകുപ്പ് പ്രകാരം 42 സംഘടനകളെയാണ് നിരോധിച്ചത്.

തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയോ, തീവ്രവാദത്തിന് സാഹചര്യമൊരുക്കുകയോ, തീവ്രവാദത്തിന് പ്രോത്സാഹനം ചെയ്യുകയോ ചെയ്യുന്ന സംഘടനകളെ തീവ്രവാദ സംഘടനകളായി കണക്കാക്കി നിരോധിക്കാമെന്നതാണ് 35-ാം വകുപ്പ്. 22ന് നടന്ന രാജ്യവ്യാപക റെയ്ഡില്‍ അറസ്റ്റു ചെയ്ത സംഘടനയുടെ ചെയര്‍മാന്‍ ഒ.എം.എ സലാം അടക്കമുള്ള 106 പേരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ യു.എ.പി.എ പ്രകാരം നിരോധിക്കാനാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ശുപാര്‍ശ ചെയ്തത്.നേതാക്കളില്‍ നിന്നും ശേഖരിച്ച തെളിവുകളും റെയ്ഡിന് ശേഷമുണ്ടായ അക്രമവുമെല്ലാം പരിശോധിച്ചായിരിക്കും ഇക്കാര്യത്തില്‍ നിയമോപദേശം തേടുക. ആഗോള തീവ്രവാദ സംഘടനയായ അല്‍ഖാഇദ, പാക് തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ ത്വയ്ബ തുടങ്ങിയ സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് പോപ്പുലര്‍ ഫ്രണ്ടാണെന്നാണ് എന്‍. ഐ.എ പറയുന്നത്.

അറസ്റ്റിലായവരുടെ ജുഡീഷ്യല്‍ റിമാന്റ് ആവശ്യപ്പെട്ട് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജാമ്യം ലഭിച്ചാല്‍ പ്രതികള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കാന്‍ കാരണമാകുമെന്നും ഇവര്‍ക്ക് സമൂഹത്തില്‍ വലിയ സ്വാധീനമുണ്ടെന്നതിന്റെ തെളിവാണ് അറസ്റ്റിനു ശേഷമുണ്ടായ സംഭവങ്ങളെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രഹസ്യമായി ആശയ വിനിമയം നടത്തുന്നതിനായി പി.എഫ്.ഐ വിവിധ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും നേതാക്കളില്‍ നിന്നും പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡില്‍ നിന്നും പി.എഫ്.ഐ നെറ്റ്‌വര്‍ക് സംബന്ധിച്ച ലഭിച്ച വിവരങ്ങളും പരിശോധിക്കുന്നുണ്ട്. നിരോധനം പി.എഫ്.ഐയെ പൂര്‍ണമായും ഇല്ലാതാക്കാനാവില്ലെങ്കിലും സംഘടനയുടെ തീവ്രവാദ രൂപം ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് എന്‍.ഐ.എ കണക്കുകൂട്ടുന്നത്.റെയ്ഡും നിരോധനവും വരുമെന്ന് സൂചനയുള്ളതിനാല്‍ രണ്ട് വര്‍ഷമായി പി.എഫ്.ഐ ഇതിന് തയാറെടുത്തിരുന്നതായും ഇതാണ് റെയ്ഡില്‍ വന്‍തോതിലുള്ള പണമോ, ആയുധങ്ങളോ കണ്ടെത്താനാവാതെ പോയതെന്നുമാണ് എന്‍.ഐ.എ വിലയിരുത്തല്‍.

Test User: