മറാത്തകൾക്ക് വിദ്യാഭ്യാസത്തിലും സർക്കാർ ജോലികളിലും സംവരണം വർധിപ്പിക്കുന്നതിന് ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന്മേൽ സമ്മർദം ചെലുത്തി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എസ്.പി) തലവൻ ശരദ് പവാർ. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ശരദ് പവാറിന്റെ പരാമർശം. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചൂടുപിടിക്കുന്ന മറാത്ത സംവരണ തർക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സാംഗ്ലിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പവാർ.
നിലവിൽ സുപ്രീം കോടതി 50 ശതമാനമായി ഉയർത്തിയ സംവരണ പരിധി 75 ശതമാനമായി ഉയർത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. 1990-ൽ പട്ടികജാതി, പട്ടികവർഗ, പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം 69 ശതമാനമായി ഉയർത്തിയ തമിഴ്‌നാടിനെ ചൂണ്ടിക്കാണിച്ച പവാർ, എന്തുകൊണ്ട് മഹാരാഷ്ട്രയ്ക്ക് അത് ചെയ്യാൻ കഴിയില്ലെന്ന് ചോദിച്ചു.
‘സംവരണ ക്വാട്ടയിലെ 50% പരിധി മറികടക്കാൻ ഒരു സർക്കാരിനും കഴിയില്ല എന്നതാണ് പ്രശ്നം. ഒരു സംസ്ഥാനത്തിന് കൂടുതൽ സംവരണം വേണമെങ്കിൽ പാർലമെൻ്റിൽ നിയമനിർമാണം നടത്തി മാറ്റങ്ങൾ വരുത്തേണ്ടിവരും, ‘ അദ്ദേഹം പറഞ്ഞു. എന്നാൽ, മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിനാണ് പവാർ വിഷയം ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രിയായിരിക്കെ പ്രശ്നം പരിഹരിക്കാൻ അദ്ദേഹം എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.
പവാറിൻ്റെ പ്രസ്താവനയെ വഞ്ചിത് ബഹുജൻ അഘാഡി നേതാവ് പ്രകാശ് അംബേദ്കർ വിമർശിച്ചു. ക്വാട്ട പരിധി 75% ആയി ഉയർത്തണമെന്ന ആവശ്യം പവാറിൻ്റെ ബുദ്ധിയില്ലായ്മയുടെ സൂചനയാണെന്നും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെയും കോൺഗ്രസിൻ്റെയും നേതാക്കൾ അടങ്ങുന്ന സഹകരണ മേഖലയ്ക്ക് എപ്പോൾ ക്വാട്ട ആനുകൂല്യം നൽകുമെന്നും അദ്ദേഹം ചോദിച്ചു.
‘ഇത് പവാറിന്റെ ബുദ്ധിയില്ലായ്മയാണ്. സംവരണം ഒരു വികസന പ്രശ്നമല്ല. ഇത് ഒരു സമൂഹത്തെ ഉന്നതിയിലേക്ക് എത്തിക്കുന്നതായാണ്,’ അംബേദ്കർ പറഞ്ഞു. 75% സംവരണം ആവശ്യപ്പെടുന്നത് പൗരന്മാർക്ക് സുരക്ഷിതമായ ജീവിതം നൽകാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്നതിന് തുല്യമാണെന്ന് അംബേദ്കർ പറഞ്ഞു.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് ഒ.ബി.സി വിഭാഗത്തിന് കീഴിലുള്ള സമുദായത്തിന് സംവരണം നൽകിയില്ലെങ്കിൽ അധികാരത്തിലുള്ളവരെ വെറുതെ വിടില്ലെന്ന് മറാത്ത ക്വാട്ട ആക്ടിവിസ്റ്റ് മനോജ് ജാരങ്കെ പറഞ്ഞു.