ഡല്‍ഹി: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി അപ്രായോഗികവും അന്യായവുമാണെന്ന് മനസിലാക്കി നേരത്തെ നടപ്പിലാക്കിയ പല സംസ്ഥാനങ്ങളും പിന്തിരിയുന്ന പശ്ചാത്തലത്തില്‍, രാജ്യത്തെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ ഉറപ്പ് വരുത്തുന്ന വിധത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് മുസ്‌ലിം ലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എംപി അബ്ദുസമദ് സമദാനി എംപി ആവശ്യപ്പെട്ടു. സ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) നടത്തിയ പാര്‍ലിമെന്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുമേഖലയിലെയും സേവനമേഖലയിലെയും തൊഴിലാളികള്‍ എണ്ണമറ്റ അവഗണനകളും അവശതകളും അഭിമുഖീകരിക്കുന്നു. സമൂഹത്തില്‍ ഇത് വലിയ വിവേചനങ്ങള്‍ക്കും അസന്തുലിതാവസ്ഥകള്‍ക്കും ഇടവരുത്തുന്നു. ഇത്തരം ജീവല്‍ പ്രശ്‌നങ്ങളെ അവഗണിക്കുക മാത്രമല്ല അവയില്‍ നിന്നെല്ലാം ശ്രദ്ധ തിരിച്ചുവിടാനായി ബാലിശവും ഉപരിപ്ലവുമായ വൈകാരിക പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും ഊതിവീര്‍പ്പിക്കാനുള്ള ശ്രമം ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല.
ഈ പ്രവണതക്കെതിരെ പ്രബുദ്ധസമൂഹം ബോധവാന്‍മാരാവുകയും പ്രതികരിക്കുകയും ചെയ്യേണ്ടതുണ്ടന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ്ഇയു സംസ്ഥാന പ്രസിഡന്റ് സിബി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഇന്‍കം ടാക്‌സ് പരിധി ഉയര്‍ത്തുക, ഇന്‍കം ടാക്‌സ് സ്ലാബ് പരിഷ്‌കരിക്കുക, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ ഉറപ്പ് വരുത്താന്‍ നിയമനിര്‍മാണം നടത്തുക, പുറംകരാര്‍ തൊഴില്‍നയം അവസാനിപ്പിക്കുക, സര്‍വീസ് മേഖലയിലെ കരിനിയമങ്ങള്‍ പിന്‍വലിക്കുക, ഇന്ധനവില നിയന്ത്രണാധികാരം കേന്ദ്ര സര്‍ക്കാര്‍ തിരിച്ചെടുക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എസ്ഇയു പാര്‍ലിമന്റ് മാര്‍ച്ച് നടത്തിയത്. കെ.എം.സി.സി ഡല്‍ഹി പ്രസിഡന്റ് അഡ്വ. ഹാരിസ് ബീരാന്‍ മുഖ്യാതിഥിയായിരുന്നു. എസ്ഇയു ജനറല്‍ സെക്രട്ടറി ആമിര്‍ കോഡൂര്‍, കെഎംസിസി സെക്രട്ടറി മുഹമ്മദ് ഹലിം, യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാന്‍, സികെ ഷാക്കിര്‍, സെറ്റ്‌കോ ജനറല്‍ കണ്‍വീനര്‍ എംഎ മുഹമ്മദലി, എസ്ഇയു ഭാരവാഹികളായ നാസര്‍ നങ്ങാരത്ത്, പി.ഐ നൗഷാദ്, റാഫി പോത്തന്‍കോട്, അബ്ദുള്ള അരയങ്കോട്, ബീരു പി മുഹമ്മദ്, എം അബ്ദുല്‍ സത്താര്‍, കെ അബ്ദുല്‍ ബഷീര്‍, സലാം കരുവാറ്റ, അഷ്‌റഫ് മാണിക്യം, ഹമീദ് കുന്നുമ്മല്‍, സി.പി ഹംസ, ഗഫൂര്‍ പന്തീര്‍പാടം തുടങ്ങിയവര്‍ പ്രസംഗിച്ചു.