ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്ക് നേരത്തെ ലഭ്യമായിരുന്ന ഇളവുകള്‍ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയില്‍ മുസ്‌ലിംലീഗ് അംഗം പി.വി അബ്ദുല്‍ വഹാബിന്റെ ചോദ്യത്തിന് മറുപടിയായാണ്, ഇളവുകള്‍ പുനഃസ്ഥാപിക്കുന്നത് റെയില്‍വേക്ക് അമിത ബാധ്യത സൃഷ്ടിക്കുമെന്ന വാദം മന്ത്രി ഉന്നയിച്ചത്. റെയില്‍വേ മന്ത്രാലയത്തിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതിനാല്‍ ഇളവുകള്‍ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നായിരുന്നു മന്ത്രി രേഖാമൂലം സഭയെ അറിയിച്ചത്. നിലവില്‍ ഇളവ് അനുവദിക്കുന്നത് രോഗികളും വിദ്യാര്‍ത്ഥികളും അടക്കം 11 വിഭാഗങ്ങള്‍ക്കാണ്. ഇത് തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ദുര്‍ബ്ബല വിഭാഗങ്ങളെ പിന്തുണയ്ക്കാന്‍ സര്‍ക്കാരിന് കഴിയാത്തത് നിരാശാജനകമാണെന്നും എം.പി കൂട്ടിച്ചേര്‍ത്തു.