രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്ന അക്രമങ്ങളുടെ രേഖകളൊന്നും ഇന്ത്യന്‍ സര്‍ക്കാര്‍ സൂക്ഷിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി. ന്യൂനപക്ഷ സമുദായങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്കൊപ്പം ന്യൂനപക്ഷങ്ങള്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കുമെതിരായ വര്‍ധിച്ചുവരുന്ന വര്‍ഗീയ ആക്രമണത്തിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് രാജ്യസഭാ നേതാവ് ശ്രീ പിവി അബ്ദുള്‍ വഹാബ് എംപിയാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
ക്രമസമാധാനവുമായി ബന്ധപ്പെട്ട രേഖകളുടെ പരിപാലനം സംസ്ഥാന വിഷയമാണെന്നും സാമുദായിക അക്രമങ്ങളുടെ രേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ സൂക്ഷിക്കുന്നില്ലെന്നും ന്യൂനപക്ഷകാര്യ മന്ത്രി ശ്രീമതി സ്മൃതി ഇറാനി മറുപടിയില്‍ പറഞ്ഞു. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സാമുദായിക അസ്വാരസ്യങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരുകള്‍ മടിക്കുന്നതിനെ അബ്ദുള്‍ വഹാബ് എംപി വിമര്‍ശിച്ചു. രാജ്യത്ത് നടക്കുന്ന ഇത്തരം സംഭവങ്ങള്‍ സര്‍ക്കാര്‍ ശ്രദ്ധിക്കാത്തത് തീര്‍ച്ചയായും ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള പക്ഷപാതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.