കെ റെയിലിന്റെ മാഹാത്മ്യങ്ങള്‍ വിശദീകരിക്കുന്ന പരസ്യ ബോര്‍ഡുകള്‍ കേരളത്തിലെ കവലകളില്‍ ഉടനീളം ഉയര്‍ന്നിട്ടുണ്ട്. ഇതിനുള്ള ചെലവ് എത്രയാണെന്ന് കൃത്യമായി സര്‍ക്കാറിനേ അറിയൂ. കോടികള്‍ വരുമെന്ന് ഉറപ്പാണ്. സി.പി.എം നേതാക്കളുടെയോ മുഖ്യമന്ത്രിയുടെയോ കീശയില്‍നിന്ന് എടുത്തല്ല അവയൊന്നും ചെലവഴിക്കുന്നതെന്ന ബോധ്യവും ജനത്തിനുണ്ട്. സാധാരണക്കാരനെ പിഴിഞ്ഞുണ്ടാക്കുന്ന നികുതിപ്പണത്തില്‍നിന്ന് എടുത്താണ് പരസ്യങ്ങള്‍ ഉയര്‍ത്തിക്കെട്ടുന്നത്. സില്‍വര്‍ലൈന്‍ പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും കടമ്പകള്‍ ഏറെ മുന്നിലുണ്ടെന്നിരിക്കെ എന്തിനാണ് ഈ പരസ്യപ്രളയമെന്ന സംശയവും സ്വാഭാവികം. ജനകീയ പ്രക്ഷോഭങ്ങള്‍ വകവെക്കാതെ കെ റെയിലിനുവേണ്ടി സ്വകാര്യഭൂമികളില്‍ കല്ലിടല്‍ തുടരുകയുമാണ്. ഹൈക്കോടതി ഇടപെട്ട് സര്‍വേ നടപടികള്‍ തടഞ്ഞെങ്കിലും സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. കേരളത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തും പാര്‍ട്ടിക്കാരെ രംഗത്തിറക്കിയും കോലാഹലങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളെ വിരട്ടിനിര്‍ത്തുമ്പോഴാണ് പദ്ധതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിനുള്ള റെഡ്‌സിഗ്നലായി വേണം അതിനെ കാണാന്‍. ഇടതുപക്ഷ സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന കെ റെയിലിനെ ചുറ്റിപ്പറ്റി ദുരൂഹതകളും സംശയങ്ങളും നിറഞ്ഞുനില്‍ക്കുന്നതുകൊണ്ട് പദ്ധതിക്ക് തല്‍ക്കാലം അനുമതി നല്‍കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രം.
യു.ഡി.എഫ് എം.പിമാരായ എന്‍.കെ പ്രേമചന്ദ്രനും കെ. മുരളീധരനും നല്‍കിയ ചോദ്യത്തിന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് നല്‍കിയ മറുപടിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ തട്ടിപ്പ് മുഴച്ചുനില്‍ക്കുന്നുണ്ട്. കെ റെയിലിന് അനുമതി ചോദിച്ച് കേരളം നല്‍കിയ ഡി.പി.ആര്‍ പൂര്‍ണമല്ലെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. പ്രായോഗികവും സാങ്കേതികവുമായ പല വിശദാംശങ്ങളും അതില്‍ ഇല്ലെന്ന് അദ്ദേഹം പറയുന്നു. ഇത്രയും വലിയൊരു പദ്ധതിക്ക് അനുമതി തേടി നല്‍കിയ അപേക്ഷയില്‍നിന്നുപോലും വിവരങ്ങള്‍ മറച്ചുവെക്കുന്നതിലൂടെ ഇടതുപക്ഷ സര്‍ക്കാര്‍ ജനത്തില്‍നിന്ന് ചിലതൊക്കെ ഒളിച്ചുവെക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തം. പൂര്‍ണതോതിലുള്ള ഡി.പി.ആര്‍ നല്‍കാതെ വിദേശ വായ്പക്കുള്ള അനുമതി തേടാനാണ് സര്‍ക്കാര്‍ ആവേശം കാട്ടിയിരിക്കുന്നത്. ജനവാസകേന്ദ്രങ്ങളെ കീറിമുറിച്ച് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ പണിയുന്ന അര്‍ധ അതിവേഗ പാതക്ക് അനുമതി തേടുമ്പോള്‍ ഔദ്യോഗിക മര്യാദകളും ചട്ടങ്ങളും പാലിക്കാന്‍ സര്‍ക്കാര്‍ മറന്നതായിരിക്കില്ല. പലതും മനപൂര്‍വം മൂടിവെക്കാനുള്ള വിഫല ശ്രമമായി അതിനെ കാണേണ്ടിയിരിക്കുന്നു.
പ്രതിപക്ഷം അനവധി തവണ ആവശ്യപ്പെട്ടിട്ടും ഡി.പി. ആര്‍ പുറത്തിറക്കാതെ ഒളിച്ചുകളിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അതേ തന്ത്രം കേന്ദ്ര സര്‍ക്കാരിന്റെ ചട്ടിയിലും വേവുമെന്ന് ഇടതു നേതാക്കള്‍ കണക്കുകൂട്ടിയിരിക്കാം. അലൈന്‍മെന്റ് പ്ലാന്‍, ഏറ്റെടുക്കേണ്ട റെയില്‍വേ, സ്വകാര്യ ഭൂമികളുടെ വിശദാംശങ്ങള്‍ തുടങ്ങി അനവധി വിവരങ്ങള്‍ കേന്ദ്രത്തിന് നല്‍കിയ ഡി.പി.ആറില്‍ ഇല്ല. പദ്ധതിയുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ചും ഡി.പി.ആര്‍ മൗനത്തിലാണ്. സാമൂഹിക ആഘാത പഠനം പോലും നടത്താതെയാണ് സര്‍ക്കാര്‍ കെ റെയിലും കൊണ്ട് ചാടിയിറങ്ങിയിരിക്കുന്നത്. കേരളത്തിലെ റെയില്‍വേയെ പദ്ധതി എങ്ങനെ ബാധിക്കുമെന്ന ചോദ്യത്തിനും മറുപടിയില്ല. ലക്ഷണക്കിന് ആളുകളെ നേരിട്ട് ബാധിക്കുന്ന പദ്ധതിക്കുവേണ്ടി വ്യക്തതയും കൃത്യതയുമില്ലാത്ത ഡി.പി.ആര്‍ ചുരുട്ടിപ്പിടിച്ചു നടക്കാന്‍ മുഖ്യമന്ത്രിക്ക് എങ്ങനെ ധൈര്യംവന്നുവെന്ന് ആശ്ചര്യപ്പെട്ടുപോകുന്നു. ഇക്കാലത്ത് ഇത്രയും അശാസ്ത്രീയമായി ചിന്തിക്കാനും സംസാരിക്കാനും സി.പി.എമ്മിനല്ലാതെ മറ്റാര്‍ക്കുമാവില്ലെന്നാണ് കെ റെയില്‍ വിവാദങ്ങളിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നത്. കേന്ദ്ര ബജറ്റിലും കേരളത്തിന്റെ കെ റെയില്‍ ട്രാക്കിലേക്ക് കയറാതിരിക്കാന്‍ കാരണം പദ്ധതി രേഖയില്‍ ഗുരുതരമായ വീഴ്ചകള്‍ കയറിക്കൂടിയതുകൊണ്ടാണ്.
സാങ്കേതിക തടസങ്ങളുടെ വന്‍മലകള്‍ മുന്നില്‍ ഉയര്‍ന്നുനില്‍ക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വിചാരിച്ചാല്‍ പോലും പദ്ധതിക്കു അംഗീകാരം നല്‍കാനാവില്ല. പലതരം നൂലാമാലകള്‍ വഴിമുടക്കി നില്‍ക്കുന്ന സാഹചര്യത്തില്‍ അവകാശവാദങ്ങളുടെ ചൂളംവിളികളില്‍ മാത്രമായി കെ റെയില്‍ തുരുമ്പെടുത്ത് പോകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ബുദ്ധി ഉപദേശിച്ചത് പ്രതിപക്ഷമായി എന്നതുകൊണ്ട് മാത്രമാണ് സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കാന്‍ മടിക്കുന്നത്. സി.പി.എം നേതാക്കളല്ലാതെ മറ്റാരും പദ്ധതിക്ക് ഗുണം പറയുന്നില്ല. അശാസ്ത്രീയമെന്ന് എല്ലാവരും വിധിയെഴുതിയ വിഷയത്തില്‍ ഇനിയും കെ റെയിലില്‍ കടിച്ചുതൂങ്ങാന്‍ നോക്കിയാല്‍ സര്‍ക്കാര്‍ കൂടുതല്‍ നാറുകയേ ഉള്ളൂ. പതിനായിരങ്ങളെ കുടിയൊഴിപ്പിച്ചും കൃഷിഭൂമി നശിപ്പിച്ചും ജനദ്രോഹം തുടരാതെ അബദ്ധം മനസ്സിലാക്കി തെറ്റുതിരുത്തുന്നതാണ് ബുദ്ധിയെന്ന് സംസ്ഥാന സര്‍ക്കാറിനെ ഉപദേശിക്കാന്‍ ആഗ്രഹിക്കുന്നു.