ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ കോവിഡ് വാക്‌സിനേഷന്‍ പരിപാടി അവസാന ഘട്ടത്തിലെത്തിയെന്നും ഇനി കൂടുതല്‍ വാക്‌സിനുകള്‍ വാങ്ങേണ്ടതില്ലെന്നും ആരോഗ്യ മന്ത്രാലയം. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളുടെ പക്കല്‍ 1.8 കോടിയിലധികം ഡോസുകള്‍ ഇപ്പോഴും ലഭ്യമാണെന്നും കോവിഡ് കേസുകള്‍ കുറയുന്നതിനാല്‍ ഏകദേശം ആറ് മാസത്തേക്ക് വാക്‌സിനേഷന്‍ തുടരാന്‍ സ്‌റ്റോക്ക് പര്യാപ്തമാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
സര്‍ക്കാരിന്റെ സ്‌റ്റോക്ക് തീര്‍ന്നാലും കോവിഡ് വാക്‌സിനുകള്‍ വിപണിയില്‍ ലഭ്യമാകും. വാക്‌സിനുകളുടെ കാലഹരണ തീയതി അടുത്തിരിക്കുന്നതു കൂടി പരിഗണിച്ചാണ് ഇപ്പോള്‍ കൂടുതല്‍ വാക്‌സിനുകള്‍ വാങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം 2022ലെ ബാക്കി തുകയായ 4,237.14 കോടി രൂപ ധനമന്ത്രാലയത്തിന് സമര്‍പ്പിച്ചു. ഇന്ത്യയിലെ മുതിര്‍ന്ന ജനസംഖ്യയുടെ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ടെന്നും 92 ശതമാനം പേര്‍ പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെന്നും ഔേദ്യാഗിക വൃത്തങ്ങള്‍ അറിയിച്ചു.