ഡെല്‍ഹി: പഹ്ലജ് നിഹ്‌ലാനിയെ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ്യ സ്ഥാനത്ത് നിന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്താക്കി. പ്രസൂണ്‍ ജോഷിക്കാണ് പകരം ചുമതല. തുടര്‍ച്ചയായ വിവാദങ്ങളാണ് പുറത്താക്കലിന് കാരണമെന്ന് സൂചന.
നിഹ്‌ലാനി സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനായശേഷം നിരവധി വിവാദങ്ങളിലൂടെയാണ് ബോര്‍ഡ് കടന്നുപോയത്. സഹപ്രവര്‍ത്തകരടക്കം നിഹ്‌ലാനിയുടെ നിലപാടുകളെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു.
സിനിമപ്രവര്‍ത്തകര്‍ക്കിടയിലും നിഹ്‌ലാനിയുടെ നടപടികളില്‍ എതിര്‍പ്പുണ്ടായിരുന്നു. 2015 ലാണ് നിഹ്‌ലാനി സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനായത്. അമര്‍ത്യസെന്നിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയില്‍ ഹിന്ദു, ഗുജറാത്ത് എന്നീ പരാമര്‍ശങ്ങളില്‍ ബീപ് ശബ്ദം കേള്‍പ്പിച്ചാല്‍ മതിയെന്ന സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം വിവാദത്തിന് വഴിവെച്ചിരുന്നു. ഉട്താ പഞ്ചാബ് അടക്കം നിരവധി സിനിമകള്‍ക്ക് സെന്‍സര്‍ ഏര്‍പ്പെടുത്തിയ സംഭവവും വിവാദമായിരുന്നു.