കോഴിക്കോട്: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാന്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് 75 കേന്ദ്രങ്ങളിലാണ് മുസ്‌ലിംലീഗ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജില്ല, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടത്തേണ്ടത്. ശാഖ കമ്മിറ്റികള്‍ പതിവായി നടത്തുന്ന സ്വാതന്ത്ര്യദിന പരിപാടികള്‍ക്ക് പുറമേയാണിത്. രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാനും ഐക്യവും അഖണ്ഡതയും നിലനിര്‍ത്താനും സ്വാതന്ത്ര്യദിന പരിപാടികളില്‍ പ്രതിജ്ഞ പുതുക്കുമെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.
രാഷ്ട്രനേതാക്കള്‍ വിഭാവനം ചെയ്ത രാജ്യത്തിന്റെ സമ്പൂര്‍ണ സ്വാതന്ത്ര്യം സാര്‍ത്ഥകമാക്കുന്നതിനും ഭരണഘടനാ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും പ്രാധാന്യം കല്പിക്കേണ്ട സമയമാണിത്. സ്വാതന്ത്ര്യത്തെയും ഭരണഘടനയേയും കശാപ്പു ചെയ്യാനുള്ള ശ്രമം ഭരണകൂടത്തിന്റെ ഒത്താശയോടെ തന്നെ നടന്നുകൊണ്ടിരിക്കുമ്പോള്‍ നിശ്ശബ്ദമായിരിക്കാനാവില്ല. ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ ശബ്ദം ഉയരണം. വൈവിധ്യ സംസ്‌കാരങ്ങളുടെ സംഗമ ഭൂമിയാണ് ഇന്ത്യ. മതേതരത്വം നിലനിര്‍ത്താനും രാജ്യത്തിന്റെ സമഗ്രവളര്‍ച്ചക്ക് ശക്തിപകരാനുമുള്ള ശ്രമങ്ങളില്‍ മുസ്‌ലിംലീഗ് നിര്‍ണായക പങ്കാളിത്തം വഹിക്കുമെന്നും തങ്ങള്‍ പറഞ്ഞു.