ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍ നിലവില്‍വരുമെന്ന് സൂചന. ഖത്തര്‍ വിദേശകാര്യമന്ത്രാലയ വക്താവ് മാധ്യമങ്ങളെ കാണും. ഇതില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്നാണ് സൂചന. ഖത്തര്‍ നല്‍കിയ വെടിനിര്‍ത്തല്‍ സംബന്ധിച്ച കരട് രേഖ ഹമാസും ഇസ്രാഈലും അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ഒരാഴ്ചയായി ദോഹയില്‍ ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. അതേസമയം വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ഗസ്സയില്‍ ഇസ്രായേല്‍ വലിയ ആക്രമണമാണ് നടത്തുന്നത്. ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത് ഖത്തറും, അമേരിക്കയും, ഈജിപ്തുമാണ്. സെന്‍ട്രല്‍ ഗസ്സയില്‍ നിന്ന് ഇസ്രാഈല്‍ സൈന്യം പിന്മാറിയേക്കും.
വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപനം സംബന്ധിച്ച വാര്‍ത്തസമ്മേളനം ദോഹയില്‍ നടക്കാനിരിക്കെ ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ആല്‍ഥാനി ഹമാസ്, ഇസ്രാഈല്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ദോഹയിലെത്തിയ ഹമാസ്, ഇസ്രാഈല്‍ നേതാക്കളുമായാണ് പ്രധാനമന്ത്രി അവസാനഘട്ട കൂടിക്കാഴ്ച നടത്തിയത്.
15 മാസം നീണ്ട ഗസ്സ വംശഹത്യക്ക് ശേഷമാണ് വെടിനിര്‍ത്തല്‍. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിന്റെ അന്തിമ കരടുരേഖ ഇരുകക്ഷികള്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ കൈമാറിയിരുന്നു.