X

കിഫ്ബി മസാലബോണ്ട്: മുഖ്യമന്ത്രി മൗനത്തില്‍; ദുരൂഹതയെന്ന് രമേശ് ചെന്നിത്തല

മലപ്പുറം: കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വാങ്ങിയത് എസ്.എന്‍.സി ലാവ്‌ലിന്‍ ഓഹരി ഉടമകളായ കനേഡിയന്‍ കമ്പനി സി.ഡി.പി.ക്യൂ ആണെന്ന കാര്യം ഇത്രയും നാള്‍ മറച്ചുവെച്ചത് എന്തിനാണെന്ന് തോമസ് ഐസക്ക് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല. മലപ്പുറത്ത് മീറ്റ് ദി ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറെ സംശയങ്ങളുയര്‍ത്തുന്ന ഒരു ഇടപാട് സംബന്ധിച്ച് ചോദ്യങ്ങളുന്നയിച്ചിട്ടും പിണറായി വിജയന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ മൗനത്തില്‍ ദുരൂഹതയുണ്ട്. 2150 കോടി രൂപയുടെ മസാല ബോണ്ട് വഴി സമാഹരിച്ചത് ലോകാത്ഭുതമായി പ്രചരിപ്പിച്ചവര്‍ ഇതുവരെ ബോണ്ട് വാങ്ങിയത് ആരാണെന്ന് പറഞ്ഞിരുന്നില്ല. വാര്‍ത്ത പുറത്തുവന്നതോടെ ലാവ്‌ലിനുമായി ഈ കമ്പനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ധനമന്ത്രി ആദ്യം പ്രതികരിച്ചത്. പിന്നീട് കിഫ്ബി സി.ഇ.ഒ ലാവ്‌ലിന്‍ ബന്ധം ശരിയാണെന്ന് സമ്മതിച്ചതോടെ ധനമന്ത്രിക്കും സമ്മതിക്കേണ്ടിവന്നു. ലാവ്‌ലിന്റെ 20 ശതമാനം ഓഹരികളും കയ്യാളുന്നത് സി.ഡി.പി.ക്യൂ ആണ്. എസ്.എന്‍.സി ലാവ്‌ലിന്‍ വൈസ് പ്രസിഡന്റായിരുന്ന ലൂയീസ് സെന്റ് മോറീസാണ് ഇപ്പോള്‍ സി.ഡി.പി.ക്യൂവിന്റെ വൈസ് പ്രസിഡന്റ് എന്നിട്ടും ഒരു ബന്ധവും ഇല്ലെന്നതാണ് ഐസക്ക് പറയുന്നത്.
പഴയ എസ്.എന്‍.സി ലാവ്‌ലിന്‍ ഇടപാടില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. എന്നിട്ടും അതേ ബന്ധം ഉണ്ടായിരിക്കുന്നുവെന്നത് ഗൗരവമേറിയ കാര്യമാണ്. മസാല ബോണ്ടിറക്കുമ്പോള്‍ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട പല കാര്യങ്ങളുമുണ്ട്. എന്നാല്‍ ആര് ബോണ്ട് വാങ്ങിയതുള്‍പ്പടെയുള്ള കാര്യം മറച്ചുവെക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
9.72 ശതമാനം ബ്ലേഡ് പലിശക്കാണ് കനേഡിയന്‍ കമ്പനിയില്‍ നിന്ന് കിഫ്ബി 2150 കോടി രൂപ സമാഹരിച്ചത്. ഇതാണ് കുറഞ്ഞ പലിശയെന്ന് തോമസ് ഐസക്ക് പറയുന്നത്. കൊച്ചി മെട്രോക്ക് ഫ്രഞ്ച് കമ്പനിയായ എ.ഡി.എഫില്‍ നിന്ന് 1350 കോടി കടമെടുത്തത് വെറും 1.35 % പലിശക്കാണ്. കുറഞ്ഞ പലിശക്ക് കടമെടുക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാതെ കിഫ്ബി വലിയ സാമ്പത്തിക ബാധ്യത വരുത്തുന്ന രീതിയില്‍ പണം സമാഹരിച്ചതില്‍ ദുരൂഹതയുണ്ട്. സംസ്ഥാനത്തെ വലിയ കടക്കെണിയില്‍ വീഴ്ത്തുകയാണ് യഥാര്‍ഥത്തില്‍ പിണറായി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
കിഫ്ബിയില്‍ നിന്ന് 9000 കോടി രൂപയാണ് സമാഹരിക്കാന്‍ കഴിഞ്ഞത്. ഈ പണം കയ്യില്‍വെച്ച് 42000 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിയും നല്‍കി. ബാക്കി പണം എവിടെ നിന്നും ലഭ്യമാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കണം. പ്രവാസി ചിട്ടി വഴി 5000 കോടി സമാഹരിക്കുമെന്ന് പറഞ്ഞ തോമസ് ഐസക്ക് 3.30 കോടി രൂപയാണ് സമാഹരിച്ചത്. ഇതിന് അഞ്ച് കോടി രൂപ പരസ്യ ഇനത്തില്‍ ചെലവാക്കുകയും ചെയ്തു.
ലോകബാങ്ക് ലാവ്‌ലിനെ കരിമ്പട്ടികയില്‍പെടുത്തിയിരിക്കുകയാണ്. കനേഡിയന്‍ പാര്‍ലമെന്റിലെ എത്തിക്‌സ് കമ്മിറ്റി ലാവ്‌ലിനെ കുറ്റക്കാരായി കണ്ടെത്തിയിട്ടുമുണ്ട്. പൊട്ടിപ്പൊളിഞ്ഞ കമ്പനിയെ സംരക്ഷിക്കുന്നതിന് 200 കോടി ലാഭമുണ്ടാക്കിക്കൊടുക്കുന്ന ഇടപാടാണ് കിഫ്ബി. ലാവ്‌ലിനുമായി ഇടതുപക്ഷത്തിനുള്ള ബന്ധം തുടരുകയല്ലേ. സി.ഡി.പി.ക്യൂവിന് മസാല ബോണ്ട് നല്‍കാന്‍ എന്തിനാണ് മുഖ്യമന്ത്രി ധനമന്ത്രിയും തിടുക്കം കാട്ടിയത്? കനേഡിയന്‍ സര്‍ക്കാറിന്റെ പ്രതിനിധികളോ നയതന്ത്ര പ്രതിനിധികളോ ആരെങ്കിലും ധനമന്ത്രിയെയോ മുഖ്യമന്ത്രിയെയോ കണ്ടിട്ടുണ്ടോ? എന്താണ് ചര്‍ച്ച ചെയ്തത്. ലണ്ടനിലും സിങ്കപ്പൂരിലും നടന്ന ചര്‍ച്ചകളുടെ വിശദാംശം പ്രതിപക്ഷത്തിന് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ? പ്രതിപക്ഷത്തിന് അറിയാനുള്ള അവകാശമില്ലെന്ന് പറയുന്നതില്‍ ന്യായമെന്താണ്. ഇന്ത്യയില്‍ ഒരു സംസ്ഥാനം ആദ്യമായി മസാല ബോണ്ടിറക്കുമ്പോള്‍ അത് സുതാര്യമായിരിക്കണം. ഇടപാട് സംബന്ധിച്ച ചോദ്യങ്ങളുന്നയിക്കുമ്പോള്‍ ധനമന്ത്രി മലക്കംമറിയുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.വി പ്രകാശ്, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി അജയ്‌മോഹന്‍, കെ.പി അബ്ദുല്‍ മജീദ് പങ്കെടുത്തു.

chandrika: