എലത്തൂരില്‍ ട്രെയിനില്‍ തീവച്ച പ്രതിയെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പ്രതിയുടെ രേഖാചിത്രം പൊലീസ് ഉടന്‍ തയ്യാറാക്കും. സംഭവത്തിന്റെ ദൃക്‌സാക്ഷിയായ റാസിക്കിന്റെ സഹായത്തോടെയാണ് രേഖാചിത്രം തയ്യാറാക്കുക. പ്രതിയുടെതാണെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് നേരത്തെ കണ്ടെടുത്തിരുന്നു ഇതിനുപുറമേ സംഭവം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
ചുവന്ന കള്ളികളുള്ള ഷര്‍ട്ട് ധരിച്ച വ്യക്തിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സംഭവം ആസൂത്രിതമാണെന്ന രീതിയിലാണ് പുറത്തുവന്നിരിക്കുന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. ഇയാളെ കൊണ്ടുപോകാന്‍ ഒരു ബൈക്ക് വന്ന് നിര്‍ത്തുന്നതും ഇയാള്‍ അതില്‍ കയറി പോകുന്നതും കാണാനാകും.
അതേസമയം സംഭവത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം വിശദീകരണം തേടി. റെയില്‍വേ പോലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും.
കഴിഞ്ഞ ദിവസം രാത്രിയാണ് നാടിനെ നടുക്കിയ സംഭവം അരേങ്ങറുന്നത്. ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ ഇന്നലെ രാത്രി ഒമ്പതോടെ എലത്തൂരിലാണ് സംഭവം. മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടു യാത്രക്കാര്‍ക്ക് പൊള്ളലേറ്റു. ഈ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെ പുലര്‍ച്ചെ റെയില്‍വേ ട്രാക്കില്‍ നിന്ന് 3 മൃതദേഹങ്ങള്‍ കണ്ടെത്തി.തിരക്ക് കുറഞ്ഞ ട്രെയിനില്‍ ഡി വണ്‍ കോച്ചിലെത്തിയ അക്രമി യാതൊരു പ്രകോപനവുമില്ലെയാണ് യാത്രക്കാര്‍ക്കുമേല്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയത്.
ഇതോടെ പൊള്ളലേറ്റവര്‍ ഉള്‍പ്പെടെ യാത്രക്കാര്‍ അങ്കാലാപ്പിലായി. ചെയിന്‍ വലിച്ചതോടെ കോരപ്പുഴപ്പാലത്തില്‍ നിര്‍ത്തി. ഇതോടെ ആര്‍ക്കും പുറത്തിറങ്ങാനായില്ല. ട്രെയിന്‍ അല്‍പം മുന്നോട്ടെടുത്ത് പൊള്ളലേറ്റവരെ പുറത്തിറക്കി. ഇതോടെ തീയിട്ടയാള്‍ രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാര്‍ പൊളളലേറ്റവരെ ജീപ്പുകളില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.
റെയില്‍വെ പൊലീസ് ഫയര്‍ഫോഴ്സിന്റെ സഹായം തേടിയെങ്കിലും ഇവരെത്തുമ്പോഴേക്ക് യാത്രക്കാര്‍ തന്നെ തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സാരമായി പരിക്കേറ്റ എട്ടു യാത്രക്കാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടു പേര്‍ക്കാണ് സാരമായി പൊളളലേറ്റതെന്നാണ് വിവരം.അര മണിക്കൂറിനകം ട്രെയിന്‍ സര്‍വ്വീസ് തുടര്‍ന്നപ്പോള്‍ നിസാരമായി പൊള്ളലേറ്റവര്‍ ഉള്‍പ്പെടെ യാത്രക്കാര്‍ അതില്‍ യാത്ര തുടര്‍ന്നു. പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. പെട്രോളുമായി അക്രമി യാത്ര ചെയ്യാനുള്ള കാരണം ഉള്‍പ്പെടെ ദുരൂഹമാണ്.