കൊച്ചി : പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ പരാതി സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. സിസിടിവി ദ്യശങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.ആഡംബര ഹോട്ടലില്‍ പരാതിക്കാരിക്കൊപ്പം എത്തിയതിന്റെ തെളിവാണ് പോലീസിന് ലഭിച്ചത്.ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ സിനിമ നിര്‍മ്മാതാവിനെതിരെ കേസ് നിലനില്‍ക്കും. ഇരയെ ചൂഷണം ചെയ്തതിന് വ്യക്തവും ശാസ്ത്രീയവുമായ തെളിവുകളാണ് ലഭിച്ചിരിക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്താനുണ്ട്. ഇരയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചതായും വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിജയ് ബാബുവിന്റെ അറസ്റ്റ് അനിവാര്യമാണെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
അതേസമയം, വിജയ് ബാബുവിനെതിരെ പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നല്‍കിയിട്ടുണ്ട്. നടന്‍ വിദേശത്തേക്ക് കടന്ന പശ്ചാത്തലത്തിലാണ് പൊലീസിന്റെ നടപടി. യുവനടി നല്‍കിയ പരാതിയില്‍ പറഞ്ഞ ഇടങ്ങളിലും സമയത്തും വിജയ് ബാബുവിന്റെ സാന്നിധ്യം അന്വേഷണ സംഘം കണ്ടെത്തി. സിസി ടി. വി ദൃശ്യങ്ങളടക്കം ശേഖരിച്ചിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. വിജയ് ബാബുവിനെതിരെ ഇതുവരെ മറ്റ് സ്ത്രീകള്‍ പരാതി നല്‍കിയിട്ടില്ലെന്നും പരാതി വന്നാല്‍ പരിശോധിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. സംഭവത്തില്‍ സിനിമ മേഖലയില്‍ നിന്നുള്ള സാക്ഷികള്‍ ഉണ്ട്. ചില സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ തെളിവുകള്‍ക്കായി പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം. ഇരയെ ഭീഷണിപ്പെടുത്തിയതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു. കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും രണ്ട് കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ തന്നെരേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് 13 മുതല്‍ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫളാറ്റിലും ആഢംബര ഹോട്ടലിലും പാര്‍പ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി.