ബീജിങ്: അമേരിക്കയുടെ ചാരസംഘടനയായ സി.ഐ.എക്ക് ചൈനയില്‍ കനത്ത തിരിച്ചടി. 2010നും 2012നുമിടക്ക് ഇരുപതോളം യു.എസ് ചാരന്മാരെ ചൈന കൊലപ്പെടുത്തുകയോ ജയിലിലടക്കുകയോ ചെയ്തിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. പേരു വെളിപ്പെടുത്താത്ത 10 യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് പത്രം റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. സി.ഐ.എ ഉദ്യോഗസ്ഥര്‍ വിദേശത്തുള്ള ചാരന്മാരുമായി നടത്തിയ സംഭാഷണങ്ങള്‍ ചോര്‍ത്തിയെടുത്തതോ, സി.ഐ.എ യിലെ തന്നെ ഒരുവിഭാഗം പാരപണിയുകയോ ചെയ്തതായിരിക്കാം യു.എസ് ചാരന്മാരെ തിരിച്ചറിയാന്‍ ചൈനയെ സഹായിച്ചത്. സി.ഐ.എക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പെന്ന നിലയില്‍ ഒരു സി.ഐ.എ ചാരനെ സര്‍ക്കാര്‍ കെട്ടിടത്തിന്റെ മുറ്റത്ത് സഹപ്രവര്‍ത്തകരുടെ മുന്നിലിട്ടാണ് കൊലപ്പെടുത്തിയത്. റിപ്പോര്‍ട്ടിനോട് സി.ഐ.എ പ്രതികരിച്ചിട്ടില്ല. 2010 മുതല്‍ തന്നെ ചൈനീസ് ഭരണകൂടത്തിന്റെ ഉള്ളറകളിലെ വൃത്തങ്ങളില്‍നിന്നുള്ള വിവരങ്ങളുടെ ഒഴുക്ക് നിലച്ചുതുടങ്ങിയിരുന്നതായി നാല് മുന്‍ സി.ഐ.എ ഉദ്യോഗസ്ഥര്‍ പറയുന്നു. 2011 ആദ്യത്തോടെ ചാരന്മാര്‍ അപ്രത്യക്ഷമായിത്തുടങ്ങി. ചൈനയിലെ ചാരപ്രവര്‍ത്തനത്തിന് തിരിച്ചടിയേല്‍ക്കാനുള്ള കാരണത്തെക്കുറിച്ച് സി.ഐ.ഐയും എഫ്.ബി.ഐയും അന്വേഷണം നടത്തിയിരുന്നു. അതിന്റെ ഭാഗമായി ബീജിങിലെ യു.എസ് എംബസിയിലെ ഉദ്യോഗസ്ഥരെപ്പോലും കര്‍ശന നിരീക്ഷണത്തില്‍ കൊണ്ടുവന്നെങ്കില്‍ യു.എസ് ചാരശൃംഖലയെ ചതിച്ചവരെ കണ്ടെത്താന്‍ സഹായിച്ചില്ല. ഒരു ഉദ്യോഗസ്ഥന്‍ സംശയത്തിന്റെ നിഴലിലുണ്ടായിരുന്നെങ്കിലും വ്യക്തമായ തെളിവില്ലാത്തതുകൊണ്ട് അറസ്റ്റ് ഒഴിവായി. 2012ല്‍ സുരക്ഷാ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ യു.എസ് ചാരനെന്ന് ആരോപിച്ച് ചൈന അറസ്റ്റുചെയ്തു. സി.ഐ.എയിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുവന്നതായിരുന്നു അയാളെ. അത്തരം അറസ്റ്റുകള്‍ ചൈന പരസ്യമാക്കാറുണ്ടായിരുന്നില്ല. ചാരപ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാത്തതുകൊണ്ട് 2015ല്‍ ബീജിങിലെ യു.എസ് എംബസിയിലുള്ള മുഴുവന്‍ സ്റ്റാഫിനെയും സി.ഐ.എ പിന്‍വലിച്ചു. ചാരന്മാര്‍ പലരും കൊല്ലപ്പെട്ടതുകൊണ്ട് ചൈനയില്‍നിന്നുള്ള വിവരങ്ങള്‍ പൂര്‍ണമായും നിലച്ചത് അന്നത്തെ യു.എസ് ഭരണകൂടത്തെ പ്രയാസത്തിലാക്കി. 2013ഓടെ ചൈനീസ് ചാരന്മാരെ തിരിച്ചറിയാന്‍ ചൈനക്ക് സാധിക്കാതെയായി. വളരെ പ്രയാ സപ്പെട്ടാണ് സി.ഐ.എ നഷ്ടപ്പെട്ട ശൃംഖല വീണ്ടെടുത്തത്.
- 8 years ago
chandrika
Categories:
Culture