X
    Categories: CultureMoreViews

സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായ വിദ്യാര്‍ഥികള്‍ക്ക് സി.ബി.എസ്.ഇ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും

കൊച്ചി: സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ വിവിധ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട കേരളത്തിലെ സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റലായി ഇവ ലഭ്യമാക്കാന്‍ സി.ബി.എസ്.ഇ തീരുമാനം. മാര്‍ക്ക് ഷീറ്റുകള്‍, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, പാസ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയാണ് ഡിജിലോക്കര്‍ വഴി ലഭ്യമാക്കുക. നാഷണല്‍ ഇ-ഗവേര്‍ണന്‍സ് ഡിവിഷനുമായി ചേര്‍ന്ന് പരിണാം മഞ്ജുഷ എന്ന പേരില്‍ സി.ബി.എസ്.ഇ ഒരു ഡിജിറ്റല്‍ അക്കാദമിക് ശേഖരം വികസിപ്പിച്ചിട്ടുണ്ട്. ഇതാണ് ഡിജി ലോക്കറുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഡിജി ലോക്കര്‍ വഴി ലഭ്യമാകുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ സി.ബി.എസ്.ഇ പരീക്ഷാ കണ്‍ട്രോളറുടെ ഡിജിറ്റല്‍ ഒപ്പുണ്ടാകും. ഐ.ടി ആക്ട് അനുസരിച്ച് ഈ സര്‍ട്ടിഫിക്കറ്റുകള്‍ നിയമപരമായി സാധുതയുള്ള ഡിജിറ്റല്‍ രേഖയായി പരിഗണിക്കും. ക്യു.ആര്‍ കോഡുള്ള ഈ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത ഡിജി ലോക്കര്‍ മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ച് പരിശോധിക്കാം.

പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന സമയത്ത് വിദ്യാര്‍ഥികള്‍ക്ക് രജിസ്‌റ്റേര്‍ഡ് മൊബൈല്‍ നമ്പറില്‍ ലഭിച്ച ലോഗിന്‍ ഐ.ഡിയും പാസ്‌വേര്‍ഡുമാണ് ഉപയോഗിക്കേണ്ടത്. 2016-18 വര്‍ഷത്തെ വിദ്യാര്‍ഥികള്‍ക്ക് അവര്‍ നല്‍കിയിട്ടുള്ള രജിസ്‌റ്റേര്‍ഡ് മൊബൈല്‍ നമ്പറിലേക്ക് സി.ബി.എസ്.ഇ ലോഗിന്‍ ഐഡിയും പാസ്‌വേര്‍ഡും വീണ്ടും അയക്കും. 2004-18 വരെയുള്ള വര്‍ഷത്തെ വിദ്യാര്‍ഥികളില്‍ മൊബൈല്‍ നമ്പര്‍ നല്‍കാത്തവരും അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ മാറിയിട്ടുള്ളവരും പരിണാം വൈബ്‌സൈറ്റില്‍ ആധാര്‍ ലിങ്ക് ചെയ്ത ശേഷം റോള്‍ നമ്പര്‍, പരീക്ഷ നടന്ന വര്‍ഷം എന്നിവ നല്‍കി ലോഗിന്‍ ചെയ്യാം. ആധാര്‍ നമ്പര്‍ ഇല്ലാത്തവരും റോള്‍ നമ്പര്‍ കൈമോശം വന്നവരും തങ്ങള്‍ പഠിച്ച സ്‌കൂളധികൃതരുമായി ബന്ധപ്പെടണം. ഇത്തരക്കാരെ സഹായിക്കാന്‍ സ്‌കൂളുകള്‍ക്കായി വെബ്‌സൈറ്റില്‍ പ്രത്യേക ലിങ്ക് ലഭ്യമാക്കിയിട്ടുണ്ട്. തങ്ങളുടെ രേഖകളില്‍ എന്തെങ്കിലും വ്യത്യാസം തോന്നിയാല്‍ വിദ്യാര്‍ഥികള്‍ എത്രയും പെട്ടെന്ന് തിരുവനന്തപുരത്തെ സി.ബി.എസ്.ഇ മേഖലാ ഓഫീസുമായി ബന്ധപ്പെടണം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: