കൊച്ചി: സി.ബി.എസ്.ഇ പത്താംക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കിയെന്ന പരാതി വാസ്തവ വിരുദ്ധമാണെന്ന് സി.ബി.എസ്.ഇ.
പഴയ ചോദ്യ പേപ്പറെന്ന പേരില്‍ പെണ്‍കുട്ടി നല്‍കിയത് 2016ല്‍ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതിയ ജ്യേഷ്ഠ സഹോദരന്റെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറാണെന്ന് സിബിഎസ്ഇ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി സിബിഎസ്ഇ ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലവും നല്‍കിയിട്ടുണ്ട്. കോട്ടയം മൗണ്ട് കാര്‍മല്‍ വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ അമീയ സലീമിന്റെ ഹര്‍ജിയിലാണ് സിബിഎസ്ഇയുടെ വിശദീകരണം.
അതേസമയം, സിബിഎസ്ഇയുടെ വിശദീകരണം പച്ചക്കള്ളമാണെന്ന് വിദ്യാര്‍ത്ഥിയുടെ അഭിഭാഷക വാദിച്ചു. പരീക്ഷക്കു ശേഷം കൂട്ടുകാരുമായി സംസാരിച്ചപ്പോഴാണ് ചോദ്യപേപ്പര്‍ മാറിയ കാര്യം വ്യക്തമായതെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ സിബിഎസ്ഇക്ക് പരാതി നല്‍കുകയായിരുന്നു. പരീക്ഷ റദ്ദാക്കണമെന്നും മറ്റു കുട്ടികളുടേതിന് സമാനമായ ചോദ്യപേപ്പറില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കളും പരാതി നല്‍കിയിരുന്നു.
എന്നാല്‍ വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ മാറി ലഭിക്കുന്നതിന് ഒരു സാധ്യതയുമില്ലെന്ന നിലപാടില്‍ സിബിഎസ്ഇ ഉറച്ചു നിന്നു. 4323761-2018 എന്ന റോള്‍ നമ്പറിലുള്ള വിദ്യാര്‍ത്ഥിയുടെ മുമ്പും ശേഷവുമുള്ളവര്‍ക്ക് 30/1, 30/2 എന്നീ കോഡുകളിലുള്ള ചോദ്യപേപ്പറുകളാണ് ലഭിച്ചിരിക്കുന്നത്. പരാതി നല്‍കിയ വിദ്യാര്‍ത്ഥിക്ക് ലഭിക്കേണ്ടത് 30/3 എന്ന കോഡിലുള്ള ചോദ്യപേപ്പറാണ്. എന്നാല്‍ കുട്ടി കാണിച്ചിരിക്കുന്നത് 30/1 കോഡിലുള്ള ചോദ്യപേപ്പര്‍ തന്നെയാണ്.
2016ല്‍ പരാതിക്കാരിയുടെ സഹോദരന്‍ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതിയിരുന്നു. അന്നത്തെ സീറ്റിങ് അറേഞ്ച്‌മെന്റില്‍ നിന്ന് വിദ്യാര്‍ത്ഥിനിയുടെ സഹോദരന് ലഭിച്ചത് 30/1 കോഡിലുള്ള ചോദ്യപേപ്പറാണെന്നും സിബിഎസ്ഇ വ്യക്തമാക്കി.