പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒമ്പതാം ക്ലാസിലെ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലെ പരീക്ഷകളില്‍ മാറ്റം വരുത്തി സി.ബി.എസ്.ഇ. സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ രണ്ട് നിലവാരത്തിലായായിരിക്കും പരീക്ഷകള്‍ നടത്തുക.
2028 അധ്യയന വര്‍ഷം മുതല്‍ പത്താം ക്ലാസിലും ഈ മാറ്റം കൊണ്ടുവരും. സി.ബി.എസ്.ഇ കരിക്കുലം കമ്മിറ്റി മുന്നോട്ടുവെച്ച നിര്‍ദേശത്തിന് ബോര്‍ഡ് ഉന്നതാധികാര സമിതി അംഗീകാരം നല്‍കി.
2019-20 അധ്യയന വര്‍ഷം മുതല്‍ മാത്സ് വിഷയത്തില്‍ രണ്ട് നിലവാരത്തിലുള്ള പരീക്ഷയുണ്ട്. അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുന്ന ബേസിക്, കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുന്ന സ്റ്റാന്‍ഡേഡ് എന്നിങ്ങനെയാണവ. രണ്ട് നിലവാരത്തിലുള്ള പരീക്ഷയുണ്ട്. സിലബസ് ഒന്നാണെങ്കിലും ചോദ്യങ്ങളില്‍ വ്യത്യാസമുണ്ടാകും. ഇതേ മാതൃകയില്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലെ പരീക്ഷകള്‍ സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ നടത്താനാണ് നിര്‍ദേശം. ഏത് വേണമെന്ന് ഒമ്പതാം ക്ലാസില്‍ എത്തുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് തീരുമാനിക്കാം.
അഡ്വാന്‍സ്ഡ് വിദ്യാര്‍ഥികള്‍ക്കുള്ള അധിക ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒറ്റചോദ്യപേപ്പറോ രണ്ട് വിഭാഗക്കാര്‍ക്കും പ്രത്യേകം ചോദ്യപേപ്പര്‍ ഉപയോഗിച്ചോ പരീക്ഷ നടത്തുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളില്‍ പിന്നീട് തീരുമാനമെടുക്കും. ഇത്തരത്തില്‍ ഓപ്ഷന്‍ ലഭിക്കുന്നത് ജെ.ഇ.ഇ പോലുള്ള പ്രവേശന പരീക്ഷകള്‍ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് സി.ബി.എസ്.ഇ വിലയിരുത്തല്‍.